ന്യൂഡൽഹി: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും രൂക്ഷവിമർശനവുമായി പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. അതേസമയം, കർഷകരെ കൊലചെയ്ത കേസിൽ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടാൻ മടിക്കുകയാണെന്നും മെഹ്ബൂബ കുറ്റപ്പെടുത്തി.
'നാല് കർഷകരെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം, കേന്ദ്ര ഏജൻസികൾ ഒരു 23കാരന്‍റെ പിന്നാലെയാണ്. പേരിൽ 'ഖാൻ' ഉണ്ടെന്നതാണ് ഇതിന്‍റെ ഒരേയൊരു കാരണം. ബി.ജെ.പിയുടെ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ നീതിയെ പരിഹസിക്കുകയാണ്' -മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
ആഡംബരക്കപ്പലിലെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ആര്യൻ ഖാനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ. ആര്യൻ ഖാന്‍റെ കൈയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിട്ടില്ലെന്നും എന്നാൽ ഫോണിൽ നിന്ന് കണ്ടെത്തിയ തെളിവുകൾ ലഹരിറാക്കറ്റുമായുള്ള ബന്ധം കാണിക്കുന്നതാണെന്നുമാണ് എൻ.സി.ബി വാദിച്ചത്.
അതേസമയം, യു.പിയിലെ ലഖിംപൂരിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരെ കാർ കയറ്റി കൊന്ന കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ മടിച്ച പൊലീസ് വൻ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇയാളെ പിടികൂടിയത്. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.