കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി സാകിർ ഹുസൈന് നേരെയുണ്ടായ ബോംബാക്രമണത്തിന്‍റെ അന്വേഷണം ബംഗാൾ സി.ഐ.ഡി ഏറ്റെടുത്തു. മുർഷിദാബാദിലെ നിംതിത റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന സ്ഥലം സി.ഐ.ഡി സംഘം വ്യാഴാഴ്ച രാവിലെ സന്ദർശിച്ചു.
മന്ത്രിക്കു നേരെ നടന്ന ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സാകിർ ഹുസൈനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മമത. റെയിൽവ മന്ത്രാലയത്തിന് നേരെയും മമത വിമർശനമുന്നയിച്ചു. റെയിൽവെ സ്റ്റേഷനിെല സുരക്ഷ റെയിൽവെയുടെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സർക്കാറിന്‍റെയല്ലെന്നും മമത പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന് റെയിൽവെക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് മന്ത്രിക്കും മരുമകനും നേെര അക്രമികൾ ബോംബെറിഞ്ഞത്. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കൂടാതെ 20ഓളം പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ 12 പേരെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
മന്ത്രിയെ കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലെ ട്രോമ കെയർ സെന്‍ററിൽ പ്രവേശിപ്പിച്ചിരുന്നു. കാലിനേറ്റ പരിക്കിന് മന്ത്രിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.