കൊൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും വോട്ടെടുപ്പ് ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച ആക്ഷേപങ്ങൾ സംബന്ധിച്ച കോടതിയുടെ തീർപ്പിന് വിധേയമായിട്ടാകുമെന്ന് കൽക്കത്ത ഹൈകോടതി.
ഇതുമായി ബന്ധപ്പെട്ട മൂന്ന് ഹരജികളിൽ കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോടും സംസ്ഥാന-കേന്ദ്ര സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
ഹരജികൾ പരിഗണനയിലായ സ്ഥിതിക്ക് ഇതുവരെ എന്തുചെയ്തു, തെരഞ്ഞെടുപ്പ് നടന്നോ, ഫലം പ്രഖ്യാപിച്ചോ തുടങ്ങിയ കാര്യങ്ങളൊന്നും വിഷയമല്ലെന്നും എല്ലാം അന്തിമവിധിയുമായി ബന്ധപ്പെട്ടാകും തീരുമാനിക്കപ്പെടുകയെന്നും പ്രത്യേകം പറയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
വിജയികളായി പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികളെ ഇക്കാര്യം അറിയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കോടതി നിർദേശം നൽകി.
വ്യാപക അക്രമവും കള്ളവോട്ടും നടന്നതിനാൽ 50,000ത്തോളം ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നാണ് ഹരജികളിലെ ആവശ്യം.
വോട്ടെടുപ്പ് ദിനത്തിലുണ്ടായ പ്രശ്നങ്ങൾ ചിത്രീകരിച്ച വിഡിയോ ഒരു ഹരജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതിന്റെ പകർപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകന് കൈമാറാൻ കോടതി നിർദേശിച്ചു. ഈ മാസം 19നാണ് കേസിൽ വാദം കേൾക്കൽ.കേസിൽ കമീഷന്റെ പ്രതികരണം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകന് വേണ്ട നിർദേശം നൽകാൻ ഒരു തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻപോലും കോടതിയിൽ എത്താത്ത കാര്യവും ബെഞ്ച് എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.