ന്യൂഡൽഹി: ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിനൊപ്പം പോയ തെരഞ്ഞെടുപ്പ് കമീഷണർ അരുൺ ഗോയൽ സന്ദർശനം പൂർത്തിയാക്കാനോ വാർത്തസമ്മേളനം നടത്താനോ കാത്തുനിൽക്കാതെ പെട്ടെന്ന് ഡൽഹിയിലേക്കു മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് നാടകീയ രാജി.
ഗോയൽ മടങ്ങിയതിനെ തുടർന്ന് രാജീവ് കുമാർ കൊൽക്കത്തയിൽ ഏകനായി വാർത്തസമ്മേളനം നടത്തി. ഗോയൽ ഡൽഹിയിലേക്കു മടങ്ങിയത് ആരോഗ്യപരമായ കാരണങ്ങളാലാണെന്ന് രാജീവ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞത് വാസ്തവവിരുദ്ധമായിരുന്നു. ഗോയൽ പൂർണ ആരോഗ്യവാനാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായുള്ള ഗുരുതര അഭിപ്രായ വ്യത്യാസങ്ങളാണ് പെട്ടെന്ന് ഡൽഹിയിലേക്കു മടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു.
ബംഗാളിൽനിന്ന് തിരികെ വന്ന ഗോയൽ ഈ മാസം ഏഴിന് ഡൽഹിയിൽ രാജീവ് കുമാറുമൊത്ത് കമീഷൻ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, പിറ്റേന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുമായി ചർച്ചചെയ്യാൻ കമീഷൻ വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. മുഖ്യ കമീഷണറെപ്പോലും അറിയിക്കാതെ ശനിയാഴ്ച തന്റെ രാജി നേരിട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ചു. ഞായറാഴ്ച രാഷ്ട്രപതി രാജി സ്വീകരിക്കുകയും കേന്ദ്ര നിയമമന്ത്രാലയം ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
2019 ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് മുഖ്യകമീഷണറോട് ഉടക്കി തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ രാജിവെച്ചിരുന്നു. അദ്ദേഹത്തിനെതിരെ പിന്നീട് സർക്കാർ പ്രതികാരനടപടി കൈക്കൊണ്ടതായി ആക്ഷേപമുയരുകയും ചെയ്തിരുന്നു.
കമീഷനിൽ ഇരുവരും തമ്മിലുള്ള ഭിന്നത തീർക്കാൻ കേന്ദ്ര സർക്കാർ ചില ശ്രമങ്ങൾ നടത്തിയെന്നും ഗോയൽ അതിന് തയാറായില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ഇരു കമീഷണർമാർക്കുമിടയിൽ ഗുരുതര ഭിന്നത ഏതു വിഷയത്തിലാണെന്ന് വെളിപ്പെടുത്താൻ ആരും തയാറായിട്ടില്ല. പ്രവർത്തിച്ച മേഖലകളിൽ ശരാശരിയിലും താഴ്ന്ന പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥനായിട്ടും ആർ.എസ്.എസുമായും ബി.ജെ.പിയുമായും ഉണ്ടാക്കിയ ചങ്ങാത്തമാണ് സർവിസിൽനിന്ന് വി.ആർ.എസ് എടുപ്പിച്ച് അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറാക്കാൻ മോദി സർക്കാറിനെ പ്രേരിപ്പിച്ചത്. 2027 നവംബർ വരെ കാലാവധിയുള്ള ഗോയൽ 2025ൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ആകേണ്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.