ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോൾ
പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് കേരള മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി മടങ്ങുകയാണ്. ജന്മനാടായ കോട്ടയത്തെ പൗരാവലി വ്യാഴാഴ്ച ഒരുക്കിയിരുന്ന സ്വീകരണമടക്കം ഡിസംബർ 12 വരെയുള്ള എല്ലാ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര ഭരണനേതൃത്വത്തിൽനിന്നുള്ള അടിയന്തര സന്ദേശത്തെ തുടർന്നാണ് തിരക്കിട്ടുള്ള മടക്കമെന്നറിയുന്നു. അഞ്ചാംതീയതി കേരളത്തിലേക്ക് എത്തുന്നതിനുമുമ്പും അദ്ദേഹം ഡൽഹിയിലെത്തിയിരുന്നു. എന്നാൽ, കേരളത്തിലെ ബി.ജെ.പി നേതൃനിരയിലെ ഗ്രൂപ്പ്കളിയാണിതിനുപിന്നിലെന്ന ആക്ഷേപം ശക്തമാണ്. ഗവർണർ സ്ഥാനം ഏറ്റെടുത്ത ശേഷം കേരളത്തിലെത്തിയ ആനന്ദബോസിനെ സ്വീകരിക്കുന്നതിൽ നിന്നും ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ വിട്ടുനിന്നിരുന്നു. ഒൗദ്യോഗിക പക്ഷ നേതാക്കളാണ് മാറി നിന്നത്.
ഒരു മലയാളിക്ക് പാർട്ടി നൽകിയ വലിയ ബഹുമതിയായിട്ടും നേതാക്കൾ പരിഗണിച്ചില്ല. ജില്ല പ്രസിഡന്റുപോലും സ്വീകരിക്കാനെത്തിയില്ലെന്നാണ് വിമർശനം. ഗവർണർ വരുന്നതിന്റെ വിവരങ്ങൾ മുൻകൂട്ടി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ വിഷയം പാർട്ടി പ്രവർത്തകർക്കിടയിൽ സജീവചർച്ചയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.