കൊൽക്കത്ത: മുതിർന്ന തൃണമൂൽ നേതാവും പശ്ചിമബംഗാൾ മന്ത്രിയുമായ സുബ്രത മുഖർജി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് മരണവിവരം അറിയിച്ചത്.
മമത മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ചുമതലയാണ് അദ്ദേഹം നിർവഹിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു.
സ്വവസതയിൽ കാളിപൂജ നടത്തുന്നതിനിടെ മന്ത്രിയുടെ മരണവാർത്തയറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഉടൻ തന്നെ ആശുപത്രിയിെലത്തി. സുബ്രത മുഖർജി കൂടെയില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് മമത പറഞ്ഞു. നല്ലൊരു പാർട്ടി നേതാവായിരുന്നു അദ്ദേഹം. എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ് മുഖർജിയുടെ മരണമെന്നും മമത കൂട്ടിച്ചേർത്തു.
സുബ്രത മുഖർജിയുടെ മൃതദേഹം സർക്കാർ ഓഡിറ്റോറിയമായ രബീന്ദ്ര സദനിൽ വെള്ളിയാഴ്ച പൊതുദർശനത്തിന് വെക്കും. തുടർന്ന് കുടുംബ വീട്ടിൽ സംസ്കരിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.