രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ ബംഗാൾ മന്ത്രിയുടെ വംശീയ അധിക്ഷേപം

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി നടത്തിയ വംശീയ അധിക്ഷേപ പരാമർശം വിവാദത്തിൽ. നന്ദിഗ്രാമിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ രൂപം സംബന്ധിച്ച പരാമർശം മന്ത്രി നടത്തിയത്.

രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നിയോജക മണ്ഡലമായ നന്ദിഗ്രാമിൽ ഈയിടെ സംഘർഷം ഉടലെടുത്തിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിക്കാൻ സംഘടിപ്പിച്ച യോഗത്തിൽ സുവേന്ദു അധികാരിക്കെതിരെ രൂക്ഷവിമർശനം നടത്തവെയാണ് അഖിൽ ഗിരി, രാഷ്ട്രപതിയെ പേരെടുത്ത് പറയാതെ വിഷയത്തിലേക്ക് വലിച്ചിഴച്ചത്.

"അദ്ദേഹം (സുവേന്ദു അധികാരി) പറയുന്നു, ഞാൻ (അഖിൽ ഗിരി) സുന്ദരനല്ല. അദ്ദേഹം എത്ര സുന്ദരനാണെന്ന്! ആളുകളുടെ രൂപം നോക്കി ഞങ്ങൾ അവരെ വിലയിരുത്താറില്ല. നിങ്ങളുടെ രാഷ്ട്രപതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. നിങ്ങളുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണ്?" അഖിൽ ഗിരി ചോദിച്ചു.

ബംഗാൾ മന്ത്രിയുടെ അധിക്ഷേപ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. മമത ബാനർജി മന്ത്രിസഭയിലെ വനിത ക്ഷേമ വകുപ്പ് മന്ത്രി ശശി പഞ്ചയും സമാന പരാമർശം നടത്തിയിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.

ദ്രൗപതി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്. വനിതാ ക്ഷേമ വകുപ്പിലെ മറ്റൊരു മന്ത്രി ശശി പഞ്ചയുടെ സാന്നിധ്യത്തിലാണ് മന്ത്രി അഖിൽ ഗിരി രാഷ്ട്രപതിയെ കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയത്. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ആദിവാസി വിരുദ്ധരാണെന്നും ബംഗാൾ ബി.ജെ.പി ഘടകം കുറ്റപ്പെടുത്തി.

മുമ്പ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്നി'യെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വിളിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്സഭയിലും രാജ്യസഭയിലും നിർമല സീതാരാമന്‍റെയും സ്മൃതി ഇറാനിയുടെയും നേതൃത്വത്തിൽ ബി.ജെ.പി പ്രതിഷേധം ഉയർത്തുകയും ചെയ്തു.

കൂടാതെ, വിവാദത്തിലേക്ക് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സ്മൃതി ഇറാനി വലിച്ചിഴച്ചു. വിഷയത്തിലേക്ക് സോണിയയെ വലിച്ചിഴക്കേണ്ടെന്ന് പറഞ്ഞ ചൗധരി, പരാമർശം മോശമായി തോന്നിയെങ്കിൽ രാഷ്ട്രപതിയെ നേരിൽ കണ്ട് മാപ്പ് പറയാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപത്നി എന്നത് നാക്കുപിഴ സംഭവിച്ചതാണ്. താൻ ബംഗാളിയാണ് സംസാരിക്കുന്നത്, ഹിന്ദിയല്ല. അതുകൊണ്ടാണ് നാക്കുപിഴ സംഭവിച്ചത്. രാജ്യത്തെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നവരെ ആക്ഷേപിക്കണമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല -എന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ വിശദീകരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.