കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഏഴു മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് സമ്പൂർണ ജയം. ഏഴിടത്തും ഭരണത്തിലെത്തിയ തൃണമൂൽ, രണ്ട് കോർപറേഷനുകളിലെ എല്ലാ വാർഡുകളും സ്വന്തമാക്കി. ഇടതുപക്ഷം പൂർണമായി ഒലിച്ചുപോയി. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല.
ഏഴ് മുനിസിപ്പാലിറ്റികളിലെ 148 സീറ്റുകളിൽ തൃണമൂൽ 140 സീറ്റിൽ ജയിച്ചു, 94 ശതമാനം ജയം. നാലു മുനിസിപ്പാലിറ്റികളിലായി ആറു സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചപ്പോൾ നൽഹതി മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റ് മാത്രമാണ് ഇടതുപക്ഷത്തെ ഫോർവേഡ് ബ്ലോക്കിന് ലഭിച്ചത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിച്ചു. നോർത്ത് ബംഗാളിലെ ദുപ്ഗുരി, ബനിയപുർ, സൗത്ത് ബംഗാളിലെ പാൻസ്കുറ, ഇൗസ്റ്റ് മിഡ്നാപുർ ജില്ലയിലെ പൻസുകുറ, ഹൽദിയ, ബിർഭൂം ജില്ലയിലെ ബർദ്വാൻ, സൗത്ത് ദിനാപുരിലെ ബനിയാപുർ എന്നിവിടങ്ങളിലാണ് ആഗസ്റ്റ് 13 ന് വോെട്ടടുപ്പ് നടന്നത്. ഇടതുകോട്ട എന്നറിയപ്പെട്ടിരുന്ന ഹൽദിയ മുനിസിപ്പാലിറ്റിയിൽ 29 സീറ്റിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചു. ഇവിടെ 50 ശതമാനത്തിലധികം വോട്ടും തൃണമൂലിനാണ്.
16 സീറ്റുള്ള ദുപ്ഗുരി മുനിസിപ്പാലിറ്റിയിൽ 12 സീറ്റും തൃണമൂലിനാണ്. ബാക്കി നാലു സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. 14 വാർഡുള്ള േനാർത്ത് ബംഗാളിലെ ബനിയപുരിൽ 13 സീറ്റും തൃണമൂൽ നേടിയപ്പോൾ ഒരു സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. 16 വാർഡുള്ള നൽഹതിയിൽ 14 സീറ്റുകളിൽ തൃണമൂലും ഒരു സീറ്റിൽ ഇടതുപക്ഷവും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. 18 സീറ്റുകളുള്ള പാൻസ്കുറ മുനിസിപ്പാലിറ്റിയിൽ പതിനേഴും തൃണമൂൽ തൂത്തുവാരിയപ്പോൾ ഒരു സീറ്റ് മാത്രം ബി.ജെ.പിക്ക്. ഉപതെരഞ്ഞെടുപ്പ് നടന്ന ജഗ്രാം മുനിസിപ്പാലിറ്റിയിലെ ഒരു സീറ്റിലും തൃണമൂൽ ജയിച്ചു.
തെരഞ്ഞെടുപ്പ് ഫലം മമത ബാനർജിയുടെ ഭരണത്തിനുള്ള അംഗീകാരമാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പണവും സ്വാധീനവും ഉപയോഗിച്ചാണ് വിജയിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നും റദ്ദാക്കണമെന്നും സി.പി.എം നേതാവ് സുജൻ ചക്രവർത്തി പ്രതികരിച്ചു.
#BengalMunicipalPolls pic.twitter.com/rSPClBA7B8
— AITC (@AITCofficial) August 17, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.