കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റാലിക്കിടെ ഗോലി മാരോ (രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലും) മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു. കൊൽക്കത്ത ചന്ദൻനഗർ പൊലീസ് കമീഷനറായ ഹുമയൂൺ കബീറാണ് രാജിവെച്ചത്. സ്വകാര്യ കാരണങ്ങൾകൊണ്ടാണ് രാജിയെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് െചയ്തു.
ജനുവരി 21ന് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടത്തിയ റാലിക്കിടെ ബി.ജെ.പി പ്രവർത്തകർ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ ഹുമയൂൺ കബീർ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഹുമയൂൺ കബീറിന്‍റെ രാജി.
'കുറച്ചുദിവസങ്ങൾക്ക് ശേഷം രാജിയുടെ കാരണങ്ങൾ വ്യക്തമാക്കാം. ആദ്യം സർവിസിൽനിന്ന് ഒഴിയട്ടെ' -മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ജോലിയിൽനിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങാനാണ് ഹുമയൂൺ കബീറിന്‍റെ നീക്കമെന്നാണ് വിവരം. ഏപ്രിൽ 30ന് അദ്ദേഹം ഔദ്യോഗികമായി സർവിസിൽ നിന്ന് വിരമിക്കും. എന്നാൽ ഇതിനു കാത്തുനിൽക്കാതെ ജനുവരി 31ന് സർവിസിൽനിന്ന് ഇറങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
രാജിവെച്ച് മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിൽ ചേരാനാണ് ഹുമയൂണിന്‍റെ നീക്കമെന്ന് ബി.ജെ.പി ആരോപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭാര്യയെ തൃണമൂൽ ടിക്കറ്റിൽ മത്സരിപ്പിക്കലാണ് ലക്ഷ്യമെന്നും അവർ കൂട്ടിേചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.