കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിനിടെ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലു വോട്ടർമാർ മരിച്ച സംഭവം ബംഗാളിൽ കടുത്ത പ്രതിഷേധം തീർക്കുന്നത് അവഗണിച്ച് പ്രകോപനവുമായി വീണ്ടും ബി.ജെ.പി നേതാവ്. കൊല്ലപ്പെട്ടത് 'ചീത്തയാളുകളാ'യിരുന്നുവെന്ന് ബംഗാൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് പ്രസ്താവനയിറക്കിയതിനു പിന്നാലെ നാലല്ല എട്ടുപേരെയായിരുന്നു കേന്ദ്ര സേന വധിക്കേണ്ടിയിരുന്നതെന്ന് സംസ്ഥാന നേതാവ് രാഹുൽ സിൻഹ പറയുന്നു. ''സീതൽകുച്ചിയിൽ നാലല്ല എട്ടുപേരെ വെടിവെച്ചുകൊല്ലേണ്ടതായിരുന്നു. എട്ടിനു പകരം നാലുപേരെ മാത്രം എന്തിനു വധിച്ചെന്നതിന് ഉത്തരം നൽകാൻ കേന്ദ്ര സേനക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണം. ഗുണ്ടകൾ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയാണ്. കേന്ദ്ര സേന ശരിയായാണ് പ്രതികരിച്ചത്. ഇനിയും അങ്ങനെ സംഭവിച്ചാൽ അതുതന്നെയാകും മറുപടി''- സിൻഹ പറഞ്ഞു.
സ്വന്തം മണ്ഡലമായ ഹബ്റയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സിൻഹയുടെ പ്രതികരണം.
ബി.ജെ.പി നേതാവിന്‍റെ വാക്കുകളെ കടുത്ത ഭാഷയിൽ അപലപിച്ച മുഖ്യമന്ത്രി മമത ബാനർജി ''ഇത് നമ്മുടെ രാജ്യത്തിന്റെ നേതാക്കളാണെ''ന്ന് കുറ്റപ്പെടുത്തി. ബി.ജെ.പിയെ തെരഞ്ഞെടുപ്പ് കമീഷൻ നിരോധിക്കണമെന്ന് തൃണമൂൽ നേതാവ് ജ്യോതിപ്രിയ മല്ലിക് ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് നാലാംഘട്ട വോട്ടെടുപ്പ് നടന്ന കുച് ബിഹാറിലെ സീതൽകുച്ചിയിൽ വോട്ടിങ്ങിനിടെ സംഘർഷം ആരോപിച്ച് സി.ഐ.എസ്.എഫ് സേന വെടിവെപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.