ഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ യഥാർഥ ചാണക്യനായി പ്രശാന്ത് കിഷോർ. ബംഗാളിൽ മമതയുടെ വിജയം ഉറപ്പിച്ചതോടെ പ്രശാന്ത് കിഷോർ തെൻറ ആധികാരികത ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോറാണ് ബംഗാളിലെ തൃണമൂലിെൻറ വിജയത്തിന് ചുക്കാൻ പിടിച്ചത്. ബംഗാളിനുശേഷം താൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിരമിക്കുമെന്നും പ്രശാന്ത് കിഷോർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
'ഞാൻ ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരുപാടായിരിക്കുന്നു. ഇടവേള എടുത്ത് ജീവിതത്തിൽ മറ്റെന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. ഈ ഇടം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-കിഷോർ പറഞ്ഞു. വീണ്ടും രാഷ്ട്രീയത്തിൽ ചേരുമോ എന്ന ചോദ്യത്തിന് 'ഞാൻ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ്. തിരിച്ചുപോയി എന്താണ് ചെയ്യേണ്ടതെന്ന് കാണണം. കുടുംബത്തോടൊപ്പം ആസാമിലേക്ക് പോകുന്നതിനെക്കുറിച്ചും ചായത്തോട്ടം നടത്തുന്നതിനെക്കുറിച്ചുമൊക്കെ ആലോചിക്കുന്നുണ്ട്'-അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ബംഗളിൽ രണ്ടക്കം കടക്കാൻ പ്രയാസപ്പെടുമെന്ന് ഡിസംബറിൽ പ്രശാന്ത് കിഷോർ പ്രവചിച്ചിരുന്നു.
'പിന്തുണാ മാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന പ്രചാരണം മാത്രമാണ് ഇപ്പോഴത്തേത്. വാസ്തവത്തിൽ ബംഗാളിൽ ബി.ജെ്പി ഇരട്ട അക്കം കടക്കാൻ പാടുപെടുകയാണ്. ദയവായി ഈ ട്വീറ്റ് സൂക്ഷിച്ചുവയ്ക്കുക. ബിജെപിക്ക് മികച്ചത് എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ ഇവിടം ഉപേക്ഷിച്ചുപോകും'- ഡിസംബർ 21 ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പ്രശാന്ത് പറഞ്ഞത്രയും ദയനീയമല്ലെങ്കിലും ബി.ജെ.പി ബംഗാളിൽ രണ്ടക്കത്തിൽ ഒതുങ്ങിയിരിക്കുകയാണ്. ബംഗാളിലേത് തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ഏകപക്ഷീയമായി വിജയമാണെന്ന് ഇപ്പോൾ തോന്നുമെങ്കിലും അത് കടുത്ത പോരാട്ടമായിരുന്നെന്ന് കിഷോർ പറഞ്ഞു.
'ഞങ്ങൾ നരകത്തിലൂടെ കടന്നുപോയി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയതിനാൽ ഞങ്ങളുടെ പ്രചരണം ബുദ്ധിമുട്ടായിരുന്നു'- അദ്ദേഹം പറഞ്ഞു. പക്ഷേ, തൃണമൂൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് എല്ലായ്പ്പോഴും വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് മിക്കതിനേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. അഭൂതപൂർവമായ മത ധ്രുവീകരണം ഒരു വലിയ ഘടകമായിരുന്നു. 'വർഗീയതയുടെ വഞ്ചനയ്ക്ക്' ഇത്രയും ദൂരം മാത്രമേ പോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.