മോദിക്കും മമതക്കും കത്തെഴുതി ബംഗാളി സൂപ്പർ താരം പ്രൊസെൻജിത് ചാറ്റർജീ; പിന്നാലെ ട്രോളോടു ട്രോൾ

കൊൽക്കത്ത: താൻ നേരിട്ട ഒരു പ്രശ്നത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി മമത ബാനർജിക്കും കത്തെഴുതിയതിന്‍റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ബംഗാളി സൂപ്പർ താരം പ്രൊസെൻജിത് ചാറ്റർജീ. താരം കത്തെഴുതാൻ കാരണമായ വിഷയം തന്നെയാണ് ട്രോളുകൾക്കും കളിയാക്കലുകൾക്കും വഴിവെച്ചത്. സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണം സമയത്ത് ലഭിച്ചില്ല -ഇതായിരുന്നു നടൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ച പരാതി.

മോദിയെയും മമതയെയും ടാഗ് ചെയ്തുകൊണ്ട് പ്രൊസെൻജിത് തന്നെയാണ് കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കത്തിൽ പറയുന്നത് ഇങ്ങനെ:


'ഉത്സവാശംസകൾ, നിങ്ങൾ സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. ഞാൻ ഈയിടെ നേരിട്ട ഒരു പ്രശ്നത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. നവംബർ മൂന്നിന് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിൽ ഞാൻ ഭക്ഷണത്തിന് ഓർഡർ ചെയ്തിരുന്നു. എന്നാൽ, എനിക്ക് ഭക്ഷണം കിട്ടിയില്ല. ഓർഡർ ഡെലിവറി ചെയ്തുവെന്നാണ് സ്വിഗ്ഗി ആപ്പിൽ കാണിച്ചത്. സ്വിഗ്ഗിയിൽ പരാതിപ്പെട്ടപ്പോൾ അവർ പണം തിരികെ നൽകി.

എന്നിരുന്നാലും, ഇത് നാളെ ആര്‍ക്കും സംഭവിക്കാം എന്നതിനാൽ ഇക്കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ആരെങ്കിലും ഇത്തരം ഫുഡ് ആപ്പ് വച്ച് തന്‍റെ അതിഥികള്‍ക്ക് വേണ്ടി ഭക്ഷണം ഓഡര്‍ ചെയ്ത് അത് വന്നില്ലെങ്കില്‍ എന്ത് ചെയ്യും? ഒരാള്‍ അയാളുടെ അത്താഴത്തിന് ഫുഡ് ആപ്പുകളെ വിശ്വസിച്ച് ഇങ്ങനെ സംഭവിച്ചാലോ? അവര്‍ വിശന്ന് തന്നെ ഇരിക്കണോ? ഇതുപോലെയുള്ള നിരവധി സന്ദര്‍ഭങ്ങളും ഉണ്ടാകും. അതിനാൽ, ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് അത്യവശ്യമാണെന്ന് എനിക്ക് തോന്നുന്നു' -പ്രൊസെൻജിത് കത്തിൽ എഴുതി.

ഇത്തരം നിസാര കാര്യങ്ങൾക്കാണോ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതുന്നത് എന്ന് ചോദിച്ചാണ് നെറ്റിസൺസ് താരത്തെ ട്രോളാൻ തുടങ്ങിയത്. ഫുഡ് ഡെലിവറി ആപ്പുകൾ കൃത്യമായി ഭക്ഷണം നൽകുന്നുണ്ടോയെന്ന് നോക്കുകയല്ല അവരുടെ പണിയെന്ന് ചിലർ കമന്‍റ് ചെയ്തു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണിതെന്നും ചിലർ കളിയാക്കുന്നു. അതേസമയം, പ്രൊസെൻജിത് ഉന്നയിച്ചത് പരിഹാരം കാണേണ്ട പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഉണ്ട്. 

Tags:    
News Summary - Bengali superstar Prosenjit complains to PM Modi, Mamata Banerjee about food delivery app gets trolled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.