ബംഗളൂരു കലാപം തീവ്രവാദ പ്രവർത്തനം -ഹൈകോടതി

ബംഗളൂരു: നഗരത്തിലെ ഡി.ജെ. ഹള്ളി, കെ.ജി ഹള്ളി മേഖലയിൽ നടന്ന കലാപം തീവ്രവാദ പ്രവർത്തനമെന്ന് കർണാടക ഹൈകോടതിയുടെ നിരീക്ഷണം. കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളി പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ പരാമർശം. ഫേസ്ബുക്കിൽ നവീൻ എന്ന യുവാവ് പോസ്റ്റ് ചെയ്ത പ്രവാചകനിന്ദ പരാമർശത്തിനെതിരെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി മേഖലയിൽ രണ്ടുവർഷം മുമ്പ് നടന്ന വലിയ തോതിലുള്ള അക്രമം തീവ്രവാദ പ്രവർത്തനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടുകയും ഇരുമ്പുവടികൾ, പെട്രോൾ കുപ്പികൾ എന്നിവകൊണ്ട് പൊലീസിനെ ആക്രമിക്കുകയും ചെയ്തതായും പൊതുയിടത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്നും ജസ്റ്റിസ് കെ. സോമശേഖർ, ജസ്റ്റിസ് ശിവശങ്കർ അമരണ്ണാവർ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. പ്രതികൾ സംഭവസ്ഥലത്ത് ഒരുമിച്ചുകൂടിയത് തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രത്തിൽ പറയുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് യു.എ.പി.എയിലെ 45 ഡി (അഞ്ച്) വകുപ്പ് ചുമത്താൻ പോന്ന കുറ്റമാണ്. കുറ്റപത്രത്തിൽ പറയുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാതന്നെ ശരിയാണ് -കോടതി പറഞ്ഞു.

എന്നാൽ, പ്രതികൾ സിറ്റി ക്രൈംബ്രാഞ്ചിനും (സി.സി.ബി) എൻ.ഐ.എക്കും നൽകിയ മൊഴികൾ രേഖപ്പെടുത്തിയത് വ്യത്യസ്തമായാണെന്നും എൻ.ഐ.എ തങ്ങൾക്കാവശ്യമുള്ളതുപോലെ മൊഴിയിൽ മാറ്റം വരുത്തിയിരിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകനായ അഡ്വ. മുഹമ്മദ് താഹിർ വാദിച്ചു. എന്നാൽ, പ്രതികൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രസന്നകുമാർ വാദിച്ചു.

2020 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് സ്റ്റേഷനുനേരെ കല്ലേറും വാഹനങ്ങൾക്കുനേരെ തീവെപ്പും നടന്ന ആക്രമണത്തിൽ പുലികേശി നഗർ എം.എൽ.എയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും അക്രമത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 'Bengaluru 2020 riots an act of terrorism': Karnataka HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.