ബംഗളൂരു: മറാഠി രാജാവ് ഛത്രപതി ശിവജിയുടെ പ്രതിമയിൽ മഷി ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. രണധീര പടെ സംസ്ഥാന പ്രസിഡന്റ് ചേതൻ ഗൗഡ, ഗുരുദേവ നാരായൺകുമാർ, വരുൺ, നവീൻ ഗൗഡ, വിനോദ്, ചേതൻ കുമാർ, യോഗേഷ് ഗൗഡ എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച അർധരാത്രിയാണ് ബംഗളൂരുവിലെ ബാഷ്യം സർക്കിളിൽ സ്ഥാപിച്ച പ്രതിമയിൽ അജ്ഞാതർ മഷി ഒഴിച്ചത്. സംഭവത്തിൽ സദാശിവനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇവർ പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയതെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിമ വികൃതമാക്കിയ സംഭവത്തിന് പിന്നാലെ ബെളഗാവിയിൽ അർധരാത്രിതന്നെ മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെയും ശിവസേനയുടെയും പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി സംഗൊള്ളി രായണ്ണയുടെ പ്രതിമ തകർത്തു. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. ബെളഗാവിയിലും ബാഷ്യം സർക്കിളിലും പൊലീസ് സുരക്ഷ ശക്തമാക്കി.
ഇതിനിടെ, ബംഗളൂരുവിലെ സംഭവത്തിൽ പ്രതിഷേധിച്ച് കർണാടക മുഖ്യമന്ത്രിക്കും ബി.ജെ.പി സർക്കാറിനുമെതിരെ മുംബൈയിൽ ശിവസേന പ്രതിഷേധ ധർണ നടത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കോലം കത്തിച്ചു. ഞായറാഴ്ച രാവിലെ മുംബൈ ശിവജി പാർക്കിലാണ് പ്രതിഷേധം നടന്നത്.
ശിവസേന എം.എൽ.എമാരായ സദ സർവാൻകർ, മനിഷ കയാന്ദെ തുടങ്ങിയവർ നേതൃത്വം നൽകി. സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് മാപ്പുപറയാൻ നിർദേശിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ശിവസേനയുടെ പ്രതിഷേധത്തിനിടെ പൊലീസുമായി സംഘർഷമുണ്ടായെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ശിവജിയുടെ പേരിൽ മഹാരാഷ്ട്രയിൽ വോട്ട് ചോദിക്കുന്ന ബി.ജെ.പി അവർ ഭരിക്കുന്ന കർണാടകയിൽ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. മുംബൈ ബി.ജെ.പി ആസ്ഥാനത്തിന് മുന്നിലും ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
ബംഗളൂരു: ശിവജി പ്രതിമ വികൃതമാക്കുകയും സംഗൊള്ളി രായണ്ണയുടെ പ്രതിമ തകർക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അഭ്യൂഹങ്ങൾ അവഗണിക്കണമെന്നും ദേശ സ്നേഹികളെ ബഹുമാനിക്കണമെന്നും അേദ്ദഹം പറഞ്ഞു.
''ദേശസ്നേഹികൾ രാജ്യത്തിന് വേണ്ടി പോരാടിയവരാണ്. അതിനോടുള്ള ആദര സൂചകമായാണ് കിട്ടൂർ റാണി ചെന്നമ്മയുടെയും സംഗൊള്ളി രായണ്ണയുടെയും ശിവജിയുടെയും പ്രതിമകൾ സ്ഥാപിച്ചത്. ഇവരോട് നമുക്ക് ബഹുമാനമുണ്ട്. അഭിമാനത്തോടെ അവ സംരക്ഷിക്കേണ്ടതുണ്ട്. ഭാഷാരാഷ്ട്രീയത്തിെൻറ പേരിൽ ദേശീയ നേതാക്കളെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. ആക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ആക്രമികൾ ആരായാലും നേരിടും''- മുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരുവിലെയും ബെളഗാവിയിലെയും സംഭവങ്ങളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ െപാലീസിന് നിർദേശം നൽകിയെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ബെളഗാവിയിൽ സംഗൊള്ളി രായണ്ണയുടെ പ്രതിമ തകർത്ത സംഭവത്തിൽ 27 പേരാണ് പിടിയിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
രായണ്ണയുടെ പ്രതിമ തകർത്തതോടെ ബെളഗാവിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രദേശത്ത് തിങ്കളാഴ്ച രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.