ലോകത്തിലെ ഊര്‍ജസ്വലമായ നഗരങ്ങളില്‍ ബംഗളൂരു ഒന്നാമത്



ബംഗളൂരു: ഐ.ടി തലസ്ഥാനം, സ്റ്റാര്‍ട്ട്-അപ്പ് ഹബ് എന്നിവക്കു പുറമെ ബംഗളൂരു നഗരത്തിന് മറ്റൊരു പൊന്‍തൂവല്‍കൂടി. ലോകത്തിലെ ഊര്‍ജസ്വല നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്. ജെ.എല്‍.എല്‍ സിറ്റി മൊമന്‍റം ഇന്‍ഡക്സിന്‍െറ പുതിയ (സി.എം.ഐ) റേറ്റിങ്ങിലാണ് ഏറ്റവും മികച്ച ഡൈനാമിക് നഗരമായി ബംഗളൂരുവിനെ തെരഞ്ഞെടുത്തത്. അമേരിക്കന്‍ നഗരങ്ങളായ സിലിക്കണ്‍ സിറ്റി (മൂന്ന്), ആസ്റ്റിന്‍ (ഏഴ്), ബോസ്റ്റണ്‍ (ഒമ്പത്) നഗരങ്ങളെ പിന്നിലാക്കിയാണ് ബംഗളൂരു ഒന്നാമതത്തെിയത്. ആദ്യത്തെ 30 നഗരങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ആറു നഗരങ്ങള്‍ ഇടംകണ്ടത്തെി. ഹൈദരാബാദ് (അഞ്ച്), പുണെ (13), ചെന്നൈ (17), മുംബൈ (25), ഡല്‍ഹി (23) എന്നിവയാണ് ബാക്കിയുള്ള നഗരങ്ങള്‍.

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഇതുമായി ബന്ധപ്പെട്ട റേറ്റിങ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യക്കു പുറമെ, ചൈന, വിയറ്റ്നാം, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങളാണ് പട്ടികയില്‍ ഇടംനേടിയതില്‍ ഭൂരിഭാഗവും. നിരവധി രാഷ്ട്രീയ തിരിച്ചടികളും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടായിട്ടും നിരവധി നഗരങ്ങള്‍ ഊര്‍ജസ്വലമായി മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

134 നഗരങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ജനസംഖ്യ, ടെക്നോളജി, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ആസ്ഥാനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ തരംതിരിച്ചിരിക്കുന്നത്. പുതുവത്സരാഘോഷത്തിനിടെ ബംഗളൂരുവില്‍ യുവതികള്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ അരങ്ങേറിയത് നഗരത്തിന് കളങ്കമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബംഗളൂരു നഗരത്തെ മുന്‍നിരയിലത്തെിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഐ.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പ്രതികരിച്ചു.

Tags:    
News Summary - Bengaluru is Most Dynamic City in the World, Says WEF Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.