ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പിയുടെ എപ്പോഴുത്തേയും തുറുപ്പു ചീട്ടായ വർഗീയത പുറത്തെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു.പി കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാനും അഭ്യർത്ഥിച്ചു.
ഉത്തർപ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്ന് യോഗി അഭ്യർത്ഥിച്ചു.
11 മാസം നീണ്ടു നിന്ന കർഷക സമരത്തിന്റെ കേന്ദ്രമായ യു.പിയുടെ പടിഞ്ഞാറൻ മേഖലയിലെ 58 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും നിങ്ങൾക്ക് തെറ്റുപറ്റിയാൽ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉത്തർപ്രദേശിന് കേരളമോ, കാശ്മീരോ, ബംഗാളോ ആയി മാറാൻ കൂടുതൽ സമയം വേണ്ടി വരില്ലെന്നും യോഗി പറഞ്ഞു.
അഞ്ച് വർഷത്തെ എന്റെ പ്രയത്നത്തിന് നിങ്ങളുടെ വോട്ട് അനുഗ്രഹമാണെന്നും നിങ്ങളുടെ വോട്ടുകൾ ഭയരഹിതമായ ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും ഇതൊരു വലിയ തീരുമാനത്തിനുള്ള സമയമാണെന്നും യോഗി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉടനീളം ബി.ജെ.പി നേതാക്കളായ യോഗി, അമിത്ഷാ, ജെ.പി നദ്ദ എന്നിവർ രൂക്ഷമായ വർഗീയ പരാമർശങ്ങളാണ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.