ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ ജന്മദേശത്തെ സ്മാരകത്തിൽ സ്ഥാപിച്ച പ്രതിമക്ക് മുന്നിൽ മതഗ്രന്ഥങ്ങൾ വെച്ചും എടുത്തുമാറ്റിയും കുടുംബാംഗത്തിെൻറയും ഉദ്യോഗസ്ഥരുടെയും നാടകം തുടരുന്നു. ഇതോടൊപ്പം വിവാദവും കൊഴുക്കുകയാണ്.
തീവ്ര തമിഴ് സംഘടനകൾക്ക് പുറമെ ഹിന്ദുമക്കൾ കക്ഷിയും വിഷയം ഏറ്റെടുത്തതോടെ സ്മാരകത്തിലെ സുരക്ഷ ശക്തമാക്കി. ആദ്യമുണ്ടായിരുന്ന ഭഗവദ്ഗീതക്ക് സമീപം ബന്ധു വെച്ച ഖുർആനും ബൈബിളും ഉദ്യോഗസ്ഥർ പഴയ സ്ഥാനത്തേക്ക് മാറ്റി.
വീണ വായിക്കുന്ന കലാംപ്രതിമക്ക് മുന്നിൽ വെച്ച ഭഗവദ്ഗീത എടുത്തുമാറ്റി തിരുക്കുറൾ വെക്കുന്നതാണ് തനി തമിഴനായ മുൻ രാഷ്ട്രപതിക്ക് ചേരുന്നതെന്ന് ചൂണ്ടിക്കാട്ടി ഇൗ ആവശ്യവുമായി എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കം. ഇതിനെ പിന്തുണച്ച വിടുതലൈ ചിറുതൈകൾ കക്ഷി അധ്യക്ഷൻ തിരുമാളവൻ, ഭഗവദ്ഗീത വെച്ചത് ഹിന്ദുത്വ അജണ്ടയെന്ന വിമർശനം ഉയർത്തി.
കലാമിെൻറ സഹോദരപുത്രൻ എ.പി.ജെ.എം. ശൈഖ് സലീം ഞായറാഴ്ച ഖുർആനും ബൈബിളും ഭഗവദ്ഗീതക്ക് ഇരുവശവുമായി വെച്ചു. എന്നാൽ, ഇരു മതഗ്രന്ഥങ്ങളും ഉടൻ എടുത്തുമാറ്റണമെന്ന ഭീഷണിയുമായി ഹിന്ദുമക്കൾ കക്ഷി ജില്ല പ്രസിഡൻറ് എസ്. പ്രഭാകരൻ സലീമിനെതിരെ തങ്കച്ചി മഠം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മറ്റു ഗ്രന്ഥങ്ങൾ വെച്ച് ഭഗവദ്ഗീതയുടെ വിശുദ്ധി കളങ്കപ്പെടുത്തിയെന്നാണ് പരാതിയിലെ ആേരാപണം.
ഇതേതുടർന്ന് സ്മാരക ചുമതലയുള്ള പ്രതിരോധ വികസന ഗവേഷണ സംഘടന (ഡി.ആർ.ഡി.ഒ) ഉദ്യോഗസ്ഥർ ഖുർആനും ബൈബിളും സമീപത്തെ ചില്ലലമാരയിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടകനായിരുന്ന ചടങ്ങിൽ പ്രതിമക്ക് മുന്നിൽ ഭഗവദ്ഗീത മാത്രം െവക്കുകയും ചില്ലലമാരയിൽ മറ്റു രണ്ടു ഗ്രന്ഥങ്ങളും സൂക്ഷിക്കുകയുമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥരും കലാമിെൻറ ബന്ധു സലീമും പറഞ്ഞു. എന്നാൽ, തിരുക്കുറൾ വെക്കണമെന്ന ആവശ്യവുമായി തമിഴ് സംഘടനകൾ നിലപാട് ശക്തമാക്കിയിട്ടുണ്ട്. വിവാദത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും പ്രതികരിച്ചിട്ടില്ല. ഇതിനിടെ സുരക്ഷ മുൻനിർത്തി സ്മാരകത്തിനുള്ളിൽ ചിത്രങ്ങൾ എടുക്കുന്നതിൽനിന്ന് സന്ദർശകരെ തടഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.