രാജസ്ഥാൻ പ്രതിസന്ധി: ഗെലോട്ടിനൊപ്പമെന്ന്​ പ്രഖ്യാപിച്ച്​ വിമത എം.എൽ.എ ഭൻവാർ ലാൽ ശർമ

ജയ്​പൂർ: ഗെലോട്ട് സർക്കാരിനെതിരെ വ്യാപകമായി ​പ്രചരിച്ച ഓഡിയോ ടേപ്പ്​ ഗൂഢാലോചന നടത്തിയെന്നാരോപിച്ച രാജസ്ഥാൻ കോൺഗ്രസ് എം‌.എൽ‌.എ ഭൻ‌വാർ ലാൽ ശർമ മുഖ്യമന്ത്രി അശോക്​ ഗെലോട്ടുമായി കൂടിക്കാഴ്​ച നടത്തി. ജയ്​പൂരിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തിയ ഭൻവാർ ലാൽ താൻ അശോക് ഗെലോട്ടിനൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഗെലോട്ട് സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ഗെലോട്ടാണ് തങ്ങളുടെ നേതാവെന്നും ഭന്‍വാര്‍ ലാല്‍ പറഞ്ഞു. സച്ചിൻ പൈലറ്റുമായും പാർട്ടിക്കെതിരെ നിന്ന വിമത എം‌.എൽ‌.എമാരുമായും അനുരഞ്ജനത്തിനുള്ള കോൺഗ്രസ് ശ്രമങ്ങൾക്കിടയിലാണ് ഭാൻവാർ ലാൽ ശർമ ഇന്ന് ജയ്പൂരിലെത്തിയത്.

അശോക് ഗെലോട്ട് സർക്കാറിനെ പ്രതിസന്ധിയിലായ ശേഷം ഒരു കരാറിലെത്തുന്നതിന്​ ഭൻവാർ ലാൽ ശർമയുമായി ഇടനിലക്കാരൻ സഞ്ജയ് ജെയിൻ നടത്തിയ ചർച്ചയുടെ ടേപ്പാണ്​ പ്രചരിക്കപ്പെട്ടത്​. സഞ്ജയ് ജെയിൻ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്​ ഷെഖാവത്തുമായി ബന്ധപ്പെട്ടിരുന്നതായും പണമിടപാടുകളെക്കുറിച്ച് ചർച്ച ചെയ്തതായും കോൺഗ്രസ് ആരോപിച്ചിരുന്നു.

സംഭവത്തിൽ ചുരു സ്വദേശിയായ സഞ്ജയ് ജെയിനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച ആരംഭിക്കാൻ പോകുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിമതരുമായി നടത്തിയ ചർച്ചയിൽ സുപ്രധാന നേട്ടം കൈവരിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടതിന്​ തൊട്ടുപിന്നാലെയാണ്​ ഭൻവാർ ലാൽ ശർമ ജയ്പൂരിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്​.

നേരത്തെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അശോക് ഗെലോട്ടി​െൻറ പ്രവർത്തനരീതി ഉൾപ്പെടെ രാജസ്ഥാനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന്​ രാഹുലും പ്രിയങ്കയും സമ്മതിച്ചതായി കോൺഗ്രസ്​ വൃത്തങ്ങൾ അറിയിച്ചു. സച്ചിൻ പൈലറ്റ്​ വിഭാഗത്തി​െൻറ ആവലാതികൾ പരിശോധിക്കാൻ പാനൽ രൂപീകരിക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.