കോയമ്പത്തൂർ: അധ്യാപക നിയമനത്തിൽ മാത്രം ഭാരതിയാർ സർവകലാശാല വൈസ് ചാൻസലർ ഡോ. എ. ഗണപതി 20 കോടിയോളം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ് (ഡി.വി.എ.സി) അധികൃതർ അറിയിച്ചു. അസി. പ്രഫസർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിന് വടവള്ളി ടി. സുരേഷ് ലക്ഷം രൂപയും 29 ലക്ഷം രൂപയുടെ ചെക്കും കൈമാറുന്നതിനിടെയാണ് ശനിയാഴ്ച വൈസ് ചാൻസലർ അറസ്റ്റിലായത്. വൈസ് ചാൻസലർ ഗണപതി, ഇടനിലക്കാരനായ യൂനിവേഴ്സിറ്റി രസതന്ത്ര വിഭാഗം പ്രഫസർ ധർമരാജ് എന്നിവർ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
അതേസമയം, മറ്റൊരു സഹായിയും സർവകലാശാല വിദൂര പഠന കേന്ദ്രം ഡയറക്ടർ ഇൻചാർജുമായ മതിവാണൻ, വൈസ് ചാൻസലറുടെ ഭാര്യ സ്വർണലത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതിയാർ സർവകലാശാലയുടെ കീഴിൽ 110 സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളാണുള്ളത്. 2016 മാർച്ചിൽ ചുമതലയേറ്റ വി.സി, ഒഴിവുള്ള 72 അസി. പ്രഫസർ തസ്തികകളിൽ നിയമനം നടത്താൻ നടപടിയെടുക്കുകയായിരുന്നു.
30 മുതൽ 75 ലക്ഷം രൂപ വരെയാണ് നിയമനത്തിന് കൈക്കൂലി വാങ്ങിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതികളുയർന്ന സാഹചര്യത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നിയമനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. സർവകലാശാലക്ക് കീഴിൽ സംസ്ഥാനത്തും പുറത്തുമായി 300ലധികം വിദൂര പഠന കേന്ദ്രങ്ങളാണുള്ളത്. ഇതിൽ മിക്കവയും ഗണപതി വൈസ് ചാൻസലറായശേഷം അനുമതി നൽകിയവയാണ്. ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിൽ നടന്നിരിക്കുന്നതെന്ന് വിജിലൻസ് കേന്ദ്രങ്ങൾ അറിയിച്ചു.
അതിനിടെ, രണ്ട് വർഷത്തിനിടെ നടന്ന മുഴുവൻ നിയമനങ്ങളും റദ്ദാക്കണമെന്നും ഗണപതിയുടെ മുഴുവൻ നടപടികളും അന്വേഷണവിധേയമാക്കണമെന്നും സ്വാശ്രയ കോളജ് അസോസിയേഷനും വിദ്യാർഥി-, അധ്യാപക സംഘടനകളും ആവശ്യപ്പെട്ടു. വൈസ് ചാൻസലർ പദവിയിൽനിന്ന് എ. ഗണപതിയെ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് അടുത്ത ദിവസം സർക്കാർ ഉത്തരവിടും. റിമാൻഡിൽ കഴിയുന്ന വൈസ് ചാൻസലർ ഗണപതിയും പ്രഫ. ധർമരാജനും തിങ്കളാഴ്ച വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
കൈക്കൂലി കേസിൽ അഞ്ചു വർഷത്തെ കഠിനതടവിന് ശിക്ഷിക്കെപ്പട്ട് കോയമ്പത്തൂർ അണ്ണാ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി വൈസ് ചാൻസലറായിരുന്ന ആർ. രാധാകൃഷ്ണനും ജയിലിലുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.