ന്യൂഡൽഹി: ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമിക്ക് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. കേസിന്റെ പേരിൽ ഹാഥറസിൽ കലാപം നടത്താനായി എത്തിച്ച 100 കോടി പിടിച്ചെടുത്തുവെന്നത് നുണയാണെന്നും ഇ.ഡി വ്യക്തമാക്കി.
ഭീം ആർമി അടക്കമുള്ള സംഘടനകൾ ഹാഥറസ് ഇരയുടെ കുടുംബത്തെ സ്വാധീനിച്ച് കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന മുൻ ഉത്തർപ്രദേശ് ഡി.ജി.പി ബ്രിജ് ലാലിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.
ഹാഥറസ് പെൺകുട്ടിയുടെ കുടുംബം ആദ്യം ഒരാൾക്കെതിരായിരുന്നു പരാതിപ്പെട്ടതെങ്കിലും എട്ട് ദിവസങ്ങൾക്ക് ശേഷം അവർ മൂന്നു പേരെ കൂടി പ്രതികളാക്കിയെന്നായിരുന്നു ബ്രിജ്ലാലിന്റെ ആരോപണം.
ഇതോടൊപ്പം പോപുലർ ഫ്രണ്ടും പോഷക സംഘടനയായ ക്യാമ്പസ് ഫ്രണ്ടും ഹാഥറസ് കേസുമായി ബന്ധപ്പെട്ട സമരങ്ങളിൽ സജീവമായെന്നും കലാപം നടത്താനായി 100 കോടി ഇറക്കിയെന്നുമാണ് മുൻ എസ്.സി/ എസ്.ടി കമീഷൻ അധ്യക്ഷൻ കൂടിയായിരുന്ന ബ്രിലജ്ലാൽ പറഞ്ഞത്.
ഭീം ആർമി, കോൺഗ്രസ്, എ.എ.പി എന്നിവർ ചേർന്ന് ഹാഥറസിൽ കലാപത്തിന് ശ്രമിക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് യു.പി പൊലീസ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പുലർച്ചെ കത്തിച്ചു കളഞ്ഞതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.