ലഖ്നോ: ഭോപാലില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന പ്രചാരണം വ്യാജമാണെന്നും മധ്യപ്രദേശിലെ ജയിലില്‍നിന്ന് തടവുചാടാന്‍ കഴിയില്ളെന്നും സിമി മുന്‍ പ്രസിഡന്‍റ് ഷാഹിദ് ബദര്‍ ഫലാഹി. കൊല്ലപ്പെട്ട എട്ടുപേരെ നിരോധിക്കപ്പെട്ട സിമി സംഘടനയുമായി ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും ഇപ്പോള്‍ അസ്മാഗഡില്‍ യൂനാനി ക്ളിനിക് നടത്തുന്ന ഫലാഹി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ സിമി പ്രവര്‍ത്തകരാണെന്ന പ്രചാരണം സാങ്കേതികമായും ശരിയല്ല. നിരോധനത്തോടെ സംഘടന നിര്‍ജീവമാണെന്നും കോടതിയിലെ നിയമപോരാട്ടം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടക്കുന്നതിനിടെ സിമിയെ അനാവശ്യമായി വലിച്ചിഴക്കുകയാണ്. ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നും ഇസ്രായേലിന്‍െറ ശൈലിയാണ് രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ നാലു ജയിലുകളില്‍ മൂന്ന് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ അനുഭവത്തിന്‍െറ പശ്ചാത്തലത്തില്‍ തടവുചാട്ടം സംബന്ധിച്ച വിശദീകരണങ്ങള്‍ക്കെതിരെയും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു.
ഐ.എസ്.ഒ അംഗീകാരം നേടിയ സുരക്ഷാസംവിധാനങ്ങളുള്ള ജയിലില്‍നിന്ന് തടവുചാടിയെന്ന പൊലീസ് കഥ അവിശ്വസനീയമാണ്. നാലുതരം പരിശോധന നടത്തുന്ന ജയിലില്‍ സെല്‍, ബ്ളോക്ക്, ബാരക്, വാര്‍ഡ് എന്നിങ്ങനെ ക്രമീകരിച്ചാണ് തടവുകാരെ പാര്‍പ്പിക്കുന്നത്.
ഇതൊക്കെ മറികടന്ന് ജയില്‍ചാടിയെന്ന പൊലീസ് ഭാഷ്യം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. മാത്രമല്ല, എട്ടു പേര്‍ ജയില്‍ചാടി 10 കിലോമീറ്ററോളം സംഘം ചേര്‍ന്ന് നടന്നിട്ടും കൈയോടെ പിടികൂടാതെ വെടിവെച്ചു കൊന്നുവെന്ന വിശദീകരണം സംശയങ്ങളുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭോപാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സംഭവത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ലഖ്നോ ഗാന്ധിപ്രതിമക്ക് സമീപം ബുധനാഴ്ച മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധ പരിപാടിയും നടന്നു.
അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം സ്ത്രീകളുടെ പ്രകടനം
ഭോപാല്‍ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മാഹിദ്പൂരില്‍ രണ്ടായിരത്തോളം മുസ്ലിം സ്ത്രീകളുടെ പ്രതിഷേധ പ്രകടനം. മുസ്ലിംകളെ സംശയത്തിന്‍െറ മുനയില്‍നിര്‍ത്തുന്ന ഇത്തരം സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകന്‍ അബ്ദുല്‍ മാജിദിന്‍െറ ഭാര്യയും മാതാവും പ്രകടനത്തില്‍ പങ്കെടുത്തു.
ബുര്‍ഖ ധരിച്ചായിരുന്നു മുഴുവന്‍ പേരും സമരത്തില്‍ പങ്കെടുത്തത്. തിരിച്ചറിയപ്പെടാതിരിക്കാനാണ് ഈ വസ്ത്രധാരണമെന്ന് സംഘാടകര്‍ വ്യക്തമാക്കി. തങ്ങളുടെ കുടുംബത്തിലെ പുരുഷന്മാര്‍ക്ക് പ്രതിഷേധ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമില്ല. അവര്‍ പ്രകടനം നടത്തിയാല്‍ എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ അവരെ പിടികൂടുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷമെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ ഭോപാല്‍ സെന്‍ട്രല്‍ ജയിലിലുള്ള സിമി പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം മാഹിദ്പൂര്‍ സബ് ഡിവിഷന്‍ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചശേഷമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. പ്രതിഷേധ പ്രകടനം തീര്‍ത്തും സമാധാനപരമായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.