ജയിലിലെ പ്ളേറ്റ് കൊണ്ട് കഴുത്തറുക്കാനാവില്ല

‘‘ഭോപാല്‍ ജയിലില്‍ വക്കു മടങ്ങിയ സ്റ്റീല്‍ പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത്. മൂര്‍ച്ചയുള്ള വശങ്ങളുള്ള സാധനങ്ങള്‍കൊണ്ട് ജീവാപായം വരുത്തിയേക്കുമെന്ന മുന്‍ കരുതലെടുത്തായിരുന്നു ഇങ്ങനെ ചെയ്യുന്നത്. ഓരോരുത്തര്‍ക്കും ഓരോ പ്ളേറ്റും ഗ്ളാസും നല്‍കും. ഭക്ഷണം കഴിച്ച് ദിവസവും ആ പ്ളേറ്റ്  തിരിച്ചുകൊടുക്കുകയും വേണം. ദിവസവും സെല്ലിന് പുറത്തേക്ക് എടുത്തുമാറ്റുന്ന ആ പ്ളേറ്റ് കത്തിയുണ്ടാക്കാന്‍ പോയിട്ട് പൊട്ടിക്കാന്‍ പോലും കഴിയില്ല’.

പൊലീസ് വെടിവെച്ചുകൊന്ന എട്ടു തടവുകാര്‍ക്കൊപ്പം ഭോപാല്‍ ജയിലില്‍ കിടന്നിരുന്ന ഖണ്ഡ്വയിലെ ഖലീല്‍ ചൗഹാന്‍േറതാണ് ഈ വാക്കുകള്‍.  സിമി തീവ്രവാദ കേസില്‍പ്പെട്ട് ഏറെക്കാലം ഭോപാല്‍ ജയിലില്‍ കിടന്ന ചൗഹാന്‍ ഈയടുത്ത കാലത്താണ് മോചിതനായത്.  ഇതേ കേസുമായി ബന്ധപ്പെട്ട് ഖണ്ഡ്വയിലെയും ഇന്ദോറിലെയും ഉജ്ജൈയിനിലെയും ജയിലുകളില്‍ തടവില്‍ കഴിയേണ്ടി വന്ന ചൗഹാന്‍ ഭോപാലിലെ സെല്ലില്‍ ഒരു പ്രാവശ്യമെങ്കിലും കിടന്നവരാരും ഈ പൊലീസ് കഥ വിശ്വസിക്കില്ളെന്ന് ഉറപ്പിച്ചു പറയുന്നു.

കൊല്ലപ്പെട്ട തടവുകാര്‍ക്കൊപ്പം ഭോപാല്‍ സെല്ലില്‍ കിടന്നിരുന്ന ഖലീല്‍ ചൗഹാന്‍
 

സിമിയുടെ പേരില്‍ തടവിലിട്ടവരെയെല്ലാം തീവ്രവാദികളായി കാണുന്നതിനാല്‍ പ്രത്യേകം പ്രത്യേകം സെല്ലുകളിലാണ് താമസിപ്പിച്ചിരുന്നത്. 18 സെല്ലുകളാണിവിടെയുള്ളത്. തിരക്കുകാരണം ഒരു സെല്ലില്‍ രണ്ടും മൂന്നും ആളെ കിടത്തും. ഇപ്പോള്‍ തടവുചാടിയവരില്‍ മൂന്ന് പേര്‍ ഈ രണ്ട് സെല്ലുകളിലും ബാക്കി രണ്ടാള്‍ ഒരു സെല്ലിലുമായിരുന്നു. രണ്ട് കാവല്‍ക്കാര്‍ വീതം 24 മണിക്കൂറും ഈ സെല്ലുകള്‍ക്ക് കാവലുണ്ടാകും. ഒരു കാവല്‍ക്കാരന്‍ എത്തിയ ശേഷം മാത്രമേ മറ്റൊരാള്‍ക്ക് പോകാന്‍ കഴിയൂ.

കിടക്കാനുള്ള ഒരു വിരിപ്പും കമ്പിളിയും മാത്രമാണ് ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ സെല്ലിനകത്തുണ്ടാകുക. അകത്തു കയറി ഇവര്‍ രണ്ടുതവണ വന്ന് എല്ലാം കുടഞ്ഞ് പരിശോധന നടത്തി മറ്റൊന്നുമില്ളെന്ന് ഉറപ്പുവരുത്തും. അതിനാല്‍ പ്ളേറ്റ് എടുത്തുവെച്ചാലും പിടിക്കപ്പെടും. കനത്ത നിശ്ശബ്ദതയിലുള്ള സെല്ലുകളുടെ ഭാഗത്ത് പാത്രം പൊട്ടിക്കാനും പൊട്ടിച്ചുരച്ച് മൂര്‍ച്ചകൂട്ടാനും സാധ്യമല്ല. അതിനാല്‍ വാര്‍ഡന്‍ രമാശങ്കര്‍ യാദവിനെ കൊന്നതാരാണെന്നും അതിനുപയോഗിച്ച കത്തി ജയിലിനകത്തത്തെിച്ചതാരാണെന്നും പരിശോധിക്കണം. രണ്ടാമത്തെ വാര്‍ഡന്‍ ചന്ദനെ വരിഞ്ഞുകെട്ടാനുപയോഗിച്ച കയര്‍ ആരാണ് കൊണ്ടുവന്ന് കൊടുത്തതെന്നും അറിയണം.

കൊല്ലപ്പെടുന്നതിനുമുമ്പ് അഖീല്‍ മകന്‍ ജലീലിനോട് പറഞ്ഞതു പോലെ ഈ എട്ടുപേരെയും രാത്രി ഒന്നരയോടെ അന്നും ഒരു സെല്ലില്‍ കൊണ്ടുവന്നു നിര്‍ത്തിയിട്ടുണ്ടായിരിക്കണം. എന്നാലും ഈ എട്ടുപേരുടെയും കമ്പിളികൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലല്ളോ. അതുകൊണ്ടാണ് വിരിപ്പ് കൂട്ടിക്കെട്ടി കയറുണ്ടാക്കിയെന്ന കഥ പറയുന്നത്. കൂട്ടിക്കെട്ടിയ വിരിപ്പുകള്‍ക്കിടയില്‍ കോണിപ്പടി പോലെ ഇടക്കിടെ മരപ്പലകകള്‍ കെട്ടിയുണ്ടാക്കിയാണ് കോണിയാക്കിയതെന്ന് ജയിലധികൃതര്‍ പറയുന്നു. എന്നാല്‍, എട്ടുവിരിപ്പ് കൂട്ടിക്കെട്ടിയാല്‍ എങ്ങിനെയാണ് 32 അടി ഉയരമുള്ള മതില്‍ കടക്കാനുള്ള കോണിയുടെ ഉയരത്തിലത്തെുകയെന്നും മതിലിനു മുകളില്‍ അതെങ്ങനെ ഒരാള്‍ എത്തിച്ചു എന്നുമുള്ള ചോദ്യങ്ങളൊക്കെ അതിനു ശേഷമുള്ള കാര്യങ്ങളാണെന്നും ഖലീല്‍ കൂട്ടിച്ചേര്‍ത്തു. ജയിലിനകത്തുള്ളവരുടെ സഹായത്തോടെ ഇവരെ ഗേറ്റുകള്‍ വഴിയാവണം പുറത്തുകടത്തിയിരിക്കുക. ഇക്കാര്യങ്ങള്‍ ആ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാല്‍ അറിയാന്‍ കഴിയും.

ഉള്ളിലെ നാലു കാമറകള്‍ കേടായിപ്പോയെന്നും അതുകൊണ്ട് ഉള്ളില്‍ നടന്നത് അറിയാന്‍ കഴിഞ്ഞില്ളെന്നുമുള്ള വാദവും ഖലീല്‍ തള്ളിക്കളഞ്ഞു. ‘എങ്കില്‍ പ്രധാന മതിലിന്‍െറ ഗേറ്റിലെയും അത് കഴിഞ്ഞുള്ള രണ്ട് മതിലുകളുടെ ഗേറ്റിലുമുണ്ടല്ളോ കാമറകള്‍. അവിടെനിന്ന് സെല്ലിനകത്തത്തെും വരെ ഓരോ കോണിലുമുണ്ട് കാമറകള്‍. നാലെണ്ണമാണ് കേടായതെങ്കില്‍ ബാക്കിയുള്ളവയിലുണ്ടാകും ഇവര്‍ എങ്ങനെ പുറത്തുകടന്നുവെന്നതിന്‍െറ ദൃശ്യങ്ങള്‍. അതിനാല്‍ കാമറ കേടായതിനാല്‍ ജയില്‍ ചാടിയതെങ്ങനെ എന്നറിയാന്‍ കഴിഞ്ഞില്ളെന്ന വാദം കള്ളമാണ്’ - ഖലീല്‍ പറഞ്ഞു.

ഇവരെ രക്ഷപ്പെടുത്താനാണ് ജയിലില്‍നിന്ന് പുറത്തു കടത്തിയതെന്നും ഞങ്ങള്‍ കരുതുന്നില്ല. ജയിലിനുള്ളില്‍ പള്ളിയുണ്ടായിട്ടുപോലും തടവുകാരെ ജുമുഅ നമസ്കരിക്കാന്‍ ഇന്നുവരെ അനുവദിക്കാതെ ജയില്‍ചട്ടങ്ങള്‍ ലംഘിക്കുന്ന ജീവനക്കാര്‍ ഇവരെ രക്ഷിക്കാനായി ശ്രമിച്ചു എന്നു പറഞ്ഞാല്‍ വീട്ടുകാര്‍ വിശ്വസിക്കില്ല. രക്ഷപ്പെടുത്താനായിരുന്നുവെങ്കില്‍ രണ്ടാഴ്ചയോളം ഇവരെ ഒരു സെല്ലിലാക്കി മാറ്റിപ്പാര്‍പ്പിച്ച് റിഹേഴ്സല്‍ നടത്തേണ്ട കാര്യമില്ലായിരുന്നുവല്ളോ. അത്രയും ദിവസമായി ഇവരുടെ ഭക്ഷണത്തില്‍ കലര്‍ത്തിയ പൊടി ‘സ്ലോ പോയസനിങ്’ ആയിരുന്നുവെന്നാണ് അവരുടെ വീട്ടുകാരെല്ലാം കരുതുന്നത്. ഇവരെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ സഹായിച്ചവരെ പിടികൂടുന്നതോടെ കൊലപ്പെടുത്തിയതിന് പിന്നില്‍ നടന്ന ഗൂഢാലോചനയും തെളിയുമെന്ന് ഖലീല്‍ വ്യക്തമാക്കുന്നു.
                                         (തുടരും.)

Tags:    
News Summary - bhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.