ക്ഷേത്രവും പള്ളിയും തൊട്ടുരുമ്മിക്കിടക്കുന്ന ഭോപാല്‍ ജയിലില്‍ പ്രാര്‍ഥനയുടെ കാര്യത്തില്‍ മാത്രമായിരുന്നില്ല വിവേചനം. സിമി ബന്ധം ആരോപിക്കപ്പെട്ട് വിചാരണ തടവുകാരായി ഭോപാല്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍പോലും അനുവദിക്കാറില്ളെന്ന് തന്‍െറ അനുഭവം വിവരിച്ച് ഖലീല്‍ ചൗഹാന്‍ പറഞ്ഞു. ജയില്‍ മാന്വലില്‍ പറഞ്ഞ ഭക്ഷണംപോലും നല്‍കില്ല. 300 രൂപ മാസംതോറും നല്‍കിയാല്‍ ശരിക്കുള്ള ഭക്ഷണം നല്‍കുമെന്ന് സഹതടവുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, 300 രൂപ ഇങ്ങനെ നല്‍കിയിട്ടും തങ്ങളുടെ കാര്യത്തില്‍ ജയിലധികൃതര്‍ കനിഞ്ഞില്ല.
ജയിലിനകത്തോ കോടതിയില്‍ കൊണ്ടുപോകുമ്പോഴോ ഇക്കാര്യങ്ങളൊന്നും പറയാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞശേഷം അതേ ജയിലിലേക്ക് തിരിച്ചുവരുന്നത് ആലോചിക്കാനും കഴിയില്ല. അതിക്രൂരമായ പീഡനമാണ് ജയിലില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവരുക. നമസ്കാരത്തിന് അനുവദിക്കാത്തതിന് നല്‍കിയ പരാതിയുടെ പേരില്‍ ഉജ്ജൈന്‍ ജയിലില്‍നിന്ന് തന്നെ മാറ്റി. മാറ്റംകിട്ടിയ ജയിലില്‍ പരാതിക്കാരനാണെന്ന് പറഞ്ഞ് ഏല്‍പിച്ചതോടെ അവിടെയും തുടര്‍ന്നു പീഡനം. ഉജ്ജൈന്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ തന്നെ വെളിച്ചം കടക്കാത്ത ഇരുട്ടറയിലാണ് തടവിലിട്ടത്. ഒരിക്കലിത്തരമൊരു അനുഭവമുണ്ടായാല്‍ ഒരാളും പരാതി നല്‍കാന്‍ ധൈര്യപ്പെടില്ളെന്ന് അവര്‍ക്കറിയാം.
മൂന്നുവര്‍ഷം മുമ്പ് നടന്ന ഖണ്ഡ്വയിലെ ജയില്‍ചാട്ടവും ഭോപാലിലെ ജയില്‍ചാട്ടവും ഒരുപോലെയാണെന്നും അതില്‍പ്പെട്ട മൂന്നുപേര്‍ ഈ ജയില്‍ചാട്ടത്തിലുമുണ്ടെന്നും അവരാണ് ഈ ചാട്ടത്തിന്‍െറയും ആസൂത്രകരെന്നും പൊലീസ് പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 12 അടി ഉയരമുള്ള ഖണ്ഡ്വയിലെയും 32 അടി ഉയരമുള്ള ഭോപാലിലെയും ജയിലുകള്‍ തമ്മില്‍ ഒരു കാര്യത്തിലും താരതമ്യം അര്‍ഹിക്കുന്നില്ല എന്നായിരുന്നു ഖലീലിന്‍െറ മറുപടി.
ഖണ്ഡ്വയിലെ ജില്ലാ ജയിലില്‍ ഭോപാലിലേതുപോലെ സെല്ലുകള്‍ പോലുമില്ല. പകരം ബാരക്കുകളാണുള്ളത്. ഒരു ബാരക്കില്‍തന്നെ 40ഉം 50ഉം പേരെയൊക്കെ കുത്തിനിറച്ചിട്ടുണ്ടാകും. മറ്റു ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്കൊപ്പം സിമി ബന്ധം ആരോപിക്കപ്പെട്ടവരെയും ഒരേ ബാരക്കില്‍ തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നതെന്ന് ഖണ്ഡ്വ ജയിലിലും കിടക്കേണ്ടിവന്ന ഖലീല്‍ തുടര്‍ന്നു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. പേരിന് ഒന്നോ രണ്ടോ ഗാര്‍ഡുകളായിരുന്നു ഇത്രയും പേര്‍ക്കുണ്ടായിരുന്നത്.
40 പ്രതികളെ പാര്‍പ്പിച്ചിരുന്ന ഇത്തരമൊരു ബാരക്കില്‍നിന്ന് മറ്റ് ക്രിമിനല്‍ കേസിലെ പ്രതികളായ രണ്ടുപേര്‍ക്കൊപ്പമാണ് നാലുപേര്‍ അന്ന് ജയില്‍ചാടിയത്. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിലെ ഉന്നതോദ്യോഗസ്ഥന്‍ സീതാറാം യാദവ് കൊല്ലപ്പെട്ട കേസിലെ പ്രതി കൂടിയായ അബൂഫൈസല്‍, ഇപ്പോള്‍ കൊല്ലപ്പെട്ട മഹ്ബൂബ്, അംജദ്, സാകിര്‍ എന്നിവരും അന്ന് ജയില്‍ചാടി.
ഇവരെ നാലുപേരെയും പിന്നീട് പിടികൂടി ഭോപാലിലെ ജയിലിലടച്ചു. അന്ന് ചാടിയതില്‍ അവശേഷിക്കുന്ന രണ്ടുപേര്‍ തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് അറിയിച്ചത്.
അന്ന് ആറുപേര്‍ ചാടിയ ബാരക്കിലെ 40 പേരിലൊരാളായിരുന്നു ഇപ്പോള്‍ കൊലപ്പെട്ട അഖീല്‍ ഖില്‍ജി. മൂന്നുവര്‍ഷം മുമ്പ് ആ ബാരക്കില്‍നിന്ന് അവരോടൊപ്പം ജയില്‍ചാടാന്‍ കഴിയാത്ത അഖീല്‍ ഖില്‍ജി ഇത്രയും കനത്ത സുരക്ഷയുള്ള ഭോപാലില്‍നിന്ന് വന്മതില്‍ ചാടിക്കടക്കില്ല.
ഖണ്ഡ്വ ജയില്‍ ചാട്ടത്തിന്‍െറ സൂത്രധാരനെന്ന് പൊലീസ് പറയുന്ന അബൂഫൈസല്‍ ഈ ജയില്‍ചാട്ടത്തിലില്ല. ജയില്‍ചാട്ടത്തില്‍ ആസൂത്രണം വഹിച്ചുവെന്ന് പോലും പൊലീസ് ആരോപിക്കുന്നില്ല. ഇതുപോലൊരു കാര്യം അഡ്വ. പര്‍വേസിനുമുണ്ട് പറയാന്‍. ഇപ്പോള്‍ ജയില്‍ചാടിയെന്ന് പറഞ്ഞ് വെടിവെച്ചുകൊന്നവരില്‍ താന്‍ കീഴടങ്ങാന്‍ പറഞ്ഞ പ്രതിയുമുണ്ടെന്ന് അഡ്വ. പര്‍വേസ് ആലം പറഞ്ഞു. പൊലീസ് സിമി കേസില്‍ പ്രതി ചേര്‍ത്തപ്പോള്‍ തന്നോട് ബന്ധപ്പെട്ട ഇയാളോട് താനാണ് കോടതിയില്‍ കീഴടങ്ങാന്‍ പറഞ്ഞത്.
കീഴടങ്ങിയാലുണ്ടാകുന്ന അനന്തരഫലമെല്ലാം ബോധ്യപ്പെട്ട് സ്വമനസ്സാലെ കീഴടങ്ങി പുറത്തുനിന്ന് ജയിലില്‍ കിടക്കാന്‍ തയാറായി വന്നയാള്‍ എന്തിനാണ് ജയില്‍ചാടുന്നതെന്ന് ഏഴുപേരുടെയും അഭിഭാഷകനായ അഡ്വ. പര്‍വേസ് ആലം ചോദിച്ചു. ഒരിക്കല്‍പോലും ജയില്‍ ചാടാന്‍ ആഗ്രഹിക്കാത്തവര്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലെങ്ങനെ വന്നുവെന്ന് ഞാന്‍ വിചാരണകോടതിയില്‍ ചോദിക്കുമെന്നും കഥ മെനഞ്ഞ പൊലീസിന് കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും പര്‍വേസ് ആലം പറഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.