ഒരു ഡസൻ ഖബറിടങ്ങൾ മുൻകൂട്ടി തയാറാക്കി ജഹാംഗിരാബാദ്

ഭോപാൽ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടിയെന്ന നിലക്ക് മുൻകൂട്ടി ഖബറിടങ്ങൾ തയാറാക്കിയിടുകയാണ് ജഹാംഗിരാബാദിലെ ഒരു ഖബർസ്ഥാൻ.

കോവിഡ് ബാധിച്ചും അല്ലാതെയും മരിച്ചവരുടെ മൃതദേഹങ്ങൾ ഒരേ ദിവസം എത്തുമ്പോഴത്തെ തിരക്കും സുരക്ഷാ പ്രശ്നങ്ങളും സമയപരിമിതിയും പരിഹരിക്കാനാണിതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

ഭോപാലിലെ റെഡ് സോൺ പ്രദേശമാണ് ജഹാംഗിരാബാദ്. ഒമ്പത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇവിടെ 200 ഓളം രോഗികളുമുണ്ട്. ഇവിടുത്തെ ഝഡാവാലാ ഖബർസ്ഥാനിൽ 12 ഖബറുകളാണ് തയാറാക്കിയിരിക്കുന്നത്.

''സർക്കാർ ആശുപത്രിയായ ഹമിദിയ ഹോസ്പിറ്റലിൽ നിന്നും കോവിഡ് സ്പെഷൽ ആശുപത്രിയായ ചിരായു ഹോസ്പിറ്റലിൽ നിന്നുമാണ് ഇവിടെ മൃതദേഹങ്ങൾ എത്തുന്നത്. കൊറോണ ബാധിച്ച് മരിച്ചതാണോ അല്ലയോ എന്ന് അറിയാൻ കഴിയാത്തതിനാലാണ് സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി മുൻകൂട്ടി ഖബറിടങ്ങൾ തയാറാക്കിയത് '' - ഖബർസ്ഥാൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റെയ്ഹാൻ പറയുന്നു.

ഒന്നിലധികം മൃതദേഹങ്ങൾ ഒരേ സമയം വന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ഖബർ തയാറാക്കാനാകില്ല. റമദാൻ ആയത് കൊണ്ട് പണിക്കാരെ കിട്ടാനും ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ ഒരു ദിവസം ആറ് മൃതദേഹങ്ങളാണ് ഇവിടെ എത്തിയത്. ഹമിദിയയിൽ നിന്ന് നാലും ചിരായുവിൽ നിന്ന് രണ്ടും. അന്ന് മുനിസിപ്പൽ കോർപറേഷനിൽ നിന്ന് ജെ.സി.ബി എത്തിയിരുന്നു. അവ ഉപയോഗിച്ചാണ് പുതിയ ഖബറിടങ്ങൾ തയാറാക്കിയിരിക്കുന്നത്.

Tags:    
News Summary - In Bhopal's Covid-19 Breeding Ground, Graveyards Being Dug Up in Advance - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.