ജയ്പൂർ: ബനാറസ് ഹിന്ദു സർവകലാശാലയുടെ സംസ്കൃത വിദ്യാധർമ് വിജ്ഞാനിൽ (എസ്.വി.ഡി.വി) അസിസ്റ്റൻറ് പ്രഫസറായി മുസ്ലിമിനെ നിയമിച്ചതിനെതിരെ വിദ്യാർഥികൾ നടത്തുന്ന സമരം രണ്ടാമത്തെ ആഴ്ച യിലേക്ക്. ഡോ. ഫിറോസ് ഖാനെ നവംബർ ഏഴിനാണ് അസിസ്റ്റൻറ് പ്രഫസറായി നിയമിച്ചത്.
ബി.എച്ച്‍.യു വൈസ് ചാൻസലർ രാകേഷ് ഭട്നാഗറുടെ ഓഫിസിനു മുന്നിൽ സംസ്കൃത വിഭാഗത്തിലെ മുപ്പതോളം വിദ്യാർഥികളാണ് സമരം ചെയ്യുന്നത്. എ.വി.ബി.പിയുടെ പിന്തുണയോടെയാണ് വിദ്യാർഥികൾ മന്ത്രോച്ചാരണവും യഞ്ജവുമായി സമരം തുടരുന്നത്.
സമരം നടത്തുന്ന വിദ്യാർഥികൾ കഴിഞ്ഞ ദിവസം വൈസ് ചാൻസലറുടെ കാറിന് നേരെ കല്ലേറ് നടത്തിയിരുന്നു. ഫിറോസ് ഖാന് പകരം മറ്റൊരു അധ്യാപകനെ നിയമിക്കുന്നതുവരെ ധർണ തുടരുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ശുഭം തിവാരി അറിയിച്ചു.
വെറും ഒരു വിഷയം മാത്രമല്ല എസ്.വി.ഡി.വിയിൽ പഠിപ്പിക്കുന്നത്. തങ്ങളുടെ സംസ്കാരം കൂടിയാണ്. അതുമായി ബന്ധമില്ലാത്ത വ്യക്തിക്കെങ്ങനെ തങ്ങളുടെ ധർമത്തെ മനസ്സിലാക്കാൻ കഴിയും. അതിനാൽ യൂനിവേഴ്സിറ്റി അധികൃതർ ഫിറോസ് ഖാനെ മറ്റ് വിഭാഗത്തേക്ക് സ്ഥലംമാറ്റണമെന്ന് എസ്.വി.ഡി.വിയിൽ ഗവേഷക വിദ്യാർഥിയായ കൃഷൻ കുമാർ ആവശ്യപ്പെട്ടു.
ഫിറോസ് ഖാനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു നിയമിച്ചതെന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്.
സംസ്കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂർത്തിയാക്കിയശേഷം ഡോ. ഫിറോസ് ഖാൻ 2018ൽ ജയ്പുരിലെ ഡീംഡ് സർവകലാശാലയിൽനിന്ന് രാഷ്ട്രീയ സൻസ്കൃതി സൻസ്താനിൽ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. പുറമെ, നെറ്റും ജെ.ആർ.എഫുമുണ്ട്. ഫിറോസ് ഖാെൻറ പിതാവ് റംസാൻ ഖാനും സംസ്കൃത ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.