ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ നേതാക്കൾ; ഭൂപീന്ദർ സിങ് ഹൂഡയും ഉദിത് രാജും സമരവേദിയിൽ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക ചൂഷണ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ നേതാക്കൾ. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും കോൺഗ്രസ് നേതാവ് ഉദിത് രാജും ഡൽഹി ജന്തർമന്ദറിലെ സമര വേദിയിലെത്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു. ഇന്ന് രാവിലെ ആൾ ഇന്ത്യാ മഹിളാ കോൺഗ്രസ് ആക്റ്റിങ് പ്രസിഡന്റ് നെട്ട ഡി സൗസയും സമര വേദിയിൽ എത്തിപിന്തുണ അറിയിച്ചിരുന്നു.

താരങ്ങൾ നൽകിയ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷൻ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡൽഹി പൊലീസ് കമ്മീഷണറെ കാണാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നീതി ലഭിക്കുന്നതുവരെ താരങ്ങൾക്കൊപ്പം നിൽക്കുമെന്നും ആനി രാജ പ്രതികരിച്ചു. സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ജന്തർ മന്തറിലെ സമരപന്തലിലെത്തി താരങ്ങളുമായി സംസാരിച്ചു. മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് അടക്കമുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഒളിമ്പ്യൻ ബജ്റംഗ് പൂനിയ അടക്കമുള്ള താരങ്ങളാണ് സമരം ചെയ്യുന്നത്.

ലൈംഗിക ചൂഷണം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുമ്പ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്. വിഷയത്തിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. 

Tags:    
News Summary - Bhupinder Singh Hooda, Congress leader Udit Raj join wrestlers' protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.