ജയ്ഹിന്ദ് ചാനലിലെ നിക്ഷേപം: സി.ബി.ഐ എന്റെ അറസ്റ്റ് ആഗ്രഹിക്കുന്നു, ഞാനതിന് ഒരുങ്ങിയിരിക്കുന്നു -ഡി.കെ. ശിവകുമാർ

ബംഗളൂരു: തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ വൻ ഗൂഢാലോചന നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. കേരളത്തിൽ ജയ്ഹിന്ദ് ചാനലിൽ ഡി.കെ. ശിവകുമാറിന്റെ നിക്ഷേപം സംബന്ധിച്ച വിശാദാംശങ്ങൾ ചാനൽ അധികൃതരിൽനിന്ന് സി.ബി.ഐ സംഘം തേടിയതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. സി.ബി.ഐ ത​​ന്റെ അറസ്റ്റ് ആഗ്രഹിക്കുന്നു. അവരത് ചെയ്യട്ടെ. ഞാനതിന് ഒരുങ്ങിയിരിക്കുകയാണ്- ശിവകുമാർ പറഞ്ഞു.

ജയ്ഹിന്ദ് ചാനലിൽ തന്റെ നിക്ഷേപം സംബന്ധിച്ച മുഴുവൻ വിവരങ്ങളും സി.ബി.ഐയുടെ പക്കലുണ്ടായിട്ടും വീണ്ടും നോട്ടീസ് അയച്ചതിൽ അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു. ‘എങ്ങനെയാണ് അവർ നോട്ടീസ് അയക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. ഏതെങ്കിലും രേഖയില്ലാത്തതല്ല പ്രശ്നം. എന്നെ അപമാനിക്കാൻ ചില വമ്പന്മാർ ശ്രമിക്കുന്നു. എനിക്ക് അതൊന്നുമറിയാഞ്ഞിട്ടല്ല. എന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടെ. ഇക്കാര്യത്തിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. എന്റെ മക്കളെയും ഭാര്യയെയും ബന്ധുക്കളെയും അവർ ചോദ്യം ചെയ്യുന്നു. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്’ -ശിവകുമാർ പറഞ്ഞു.

ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ബംഗളൂരു ഓഫിസിൽനിന്നാണ് ജയ്ഹിന്ദ് ചാനൽ മാനേജ്മെന്റിന് നോട്ടീസ് അയച്ചത്. ആവശ്യമായ രേഖകളുമായി ജനുവരി 11ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് ചാനൽ എം.ഡി ബി.എസ്. ഷിജുവിന് നൽകിയ നോട്ടീസിൽ പറയുന്നു.

ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സി.ബി.ഐക്ക് കൈമാറിയ ബി.ജെ.പി സർക്കാറിന്റെ നടപടി സിദ്ധരാമയ്യ സർക്കാർ കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ബി.ജെ.പി സർക്കാറിന്റെ നടപടി നിയമപ്രകാരമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്ന ഇത്. വരവിൽ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ട് കർണാടകയിൽ 577 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിവകുമാറിന്റേതല്ലാതെ മറ്റൊരു കേസുപോലും സി.ബി.ഐക്ക് വിട്ടിട്ടില്ല.

കോൺഗ്രസ് എം.എൽ.എ ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ സമാന കേസ് നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ കേസ് ബി.ജെ.പി സർക്കാർ ലോകായുക്തക്ക് വിടുകയാണുണ്ടായത്. ഡി.കെ. ശിവകുമാറിനെതിരെ 2018 ൽ രജിസ്റ്റർ ചെയ്ത കേസ് 2019 സെപ്തംബർ 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ സി.ബി.ഐക്ക് കെമാറുകയായിരുന്നു. 2020 ഒക്ടോബർ മൂന്നിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. ആദായ നികുതി വകുപ്പും ശിവകുമാറിനെ ലക്ഷ്യമിട്ട് റെയ്ഡ് നടത്തിയിരുന്നു.

Tags:    
News Summary - Big conspiracy going on to finish me politically: D K Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.