അമ്പലത്തിന്റെ നിർമിതിയും ബിഗ് മീഡിയ ബൂസ്റ്റും; പക്ഷേ, തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒട്ടും എളുപ്പമല്ല കാര്യങ്ങൾ...

ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തെച്ചൊല്ലി ചില സംസ്ഥാനങ്ങളിൽ ഇൻഡ്യ സഖ്യത്തിൽ പൊരുത്തക്കേടുകൾ ​പ്രതിഫലിക്കുന്നുണ്ട്. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വമ്പൻ പ്രചാരണ മാമാങ്കങ്ങളും അരങ്ങുതകർക്കുകയാണ്. ഇതെല്ലാമാണെങ്കിലും വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്കും ബി.ജെ.പിക്കും അഭിമുഖീകരിക്കാനുള്ളത് വമ്പൻ വെല്ലുവിളിയായിരിക്കുമെന്നതിൽ സംശയമില്ല.

തെറ്റായ മതപ്രതിപത്തിയിൽനിന്നും സാമുദായിക വികാരങ്ങളിൽനിന്നും ബി.ജെ.പി അനുകൂല വിശകലനങ്ങൾ ഒഴുകിയെത്തുകയാണ്. എന്നാൽ, ഒരു അമ്പലത്തിന്റെ നിർമിതിയിലൂടെ തെരഞ്ഞെടുപ്പുനേട്ടങ്ങളിലേക്ക് വഴിതുറക്കാമെന്നുകരുതുന്നതിൽ കഴമ്പില്ലെന്നു പറയേണ്ടിവരും. അതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാം.


ബി.ജെ.പിയിൽ അസ്വാരസ്യങ്ങളുടെ വലിയ സാധ്യതകളാണ് നിലവിലുള്ളത്. ഗർവും അധികാരപ്രമത്തതയും ചേർന്ന മനോഭാവത്തിനെതിരെ ആഴമേറിയ അസംതൃപ്തി പാർട്ടിയുടെ വിഭിന്ന ഘടകങ്ങളിലുണ്ട്. ഉന്നത നേതൃതലത്തിലുള്ള ചെറുസംഘത്തിന്റെ പ്രവർത്തനങ്ങളിലും പ്രവർത്തന രീതികളിലും പുറത്തുകാണുന്ന വർണവൃത്തങ്ങൾക്കപ്പുറത്ത് അഭിപ്രായ ഭിന്നതകളുടെ ഉള്ളുകളികൾ ഒളിഞ്ഞുകിടക്കുന്നു.

ഹിന്ദി ബെൽറ്റിൽ പലയിടത്തും ഇത് തെളിഞ്ഞുകാണുന്നുണ്ട്. ‘മോദി ബി.ജെ.പി’യെ സംബന്ധിച്ചിടത്തോളം അത് നിർണായകവുമാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലുമുള്ള, ഒട്ടേറെ ലോക്സഭ സീറ്റുകളിൽ വിജയിക്കാനാവുന്ന സ്ഥാനാർഥിക​ളെ കണ്ടെത്തുകയെന്നത് ബി.ജെ.പിക്ക് ഏറെ ശ്രമകരമാവും. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, അസം എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് അവരുടെ സ്വന്തം മുഖ്യമന്ത്രിമാരുള്ളത്. ഇവിടങ്ങളിൽ മൊത്തമായി 179 ലോക്സഭ സീറ്റുകളാണുള്ളത്. ബി.ജെ.പിയുടെ ബെസ്റ്റ് ബെറ്റ് എന്ന് പറയാവുന്നത് ഇതാണ്. ഹരിയാനയിലും ഉത്തർഖണ്ഡിലും ബി.ജെ.പിക്ക് മുഖ്യമന്ത്രിമാരുണ്ട്. ഇവിടങ്ങളിൽ മൊത്തം 15 സീറ്റുകളാണുള്ളത്. അവിടെയാകട്ടെ, കടുത്ത മത്സരം നേരിടേണ്ടിവരികയും ചെയ്യും.

മഹാരാഷ്ട്രയിൽ ബി.​ജെ.പി അധികാരത്തിലുണ്ട്. എന്നാൽ, അതൊരു കൂട്ടുകക്ഷി ഭരണമാണ്. 48 പാർലമെന്റ് മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് അവർക്ക് പകുതി സീറ്റ് നേടാൻ കഴിഞ്ഞേക്കും. കർണാടകയിൽ 28 സീറ്റുകളാണുള്ളത്. കഴിഞ്ഞ മേയിൽ ബി.ജെ.പിയെ താഴെയിറക്കി കോൺഗ്രസ് വ്യക്തമായ മേധാവിത്വത്തോടെ അധികാരത്തിലെത്തിയ സംസ്ഥാനമാണ്. അസംബ്ലി ഇലക്ഷനിലെ വമ്പൻ തോൽവിയോടെ ബി.ജെ.പിയുടെ സംഘടന സംവിധാനങ്ങൾക്കു​തന്നെ തിരിച്ചടിയേറ്റു​. സ്വീകാര്യനായ ഒരു നേതാവിന്റെ അഭാവവും കർണാടകയിൽ വൻതോതിൽ പാർട്ടിയിൽ നിഴലിക്കുന്നുണ്ട്.


മൊത്തം 543 ലോക്സഭ സീറ്റുകളിൽ മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിലായി 270 സീറ്റുകളാണുള്ളത്. ഏകദേശം 50 ശതമാനം സീറ്റുകൾ. നേരത്തേ പറഞ്ഞ ‘ബെസ്റ്റ്’ കാറ്റഗറിയിൽ 2019ൽ ബി.ജെ.പി 89-90 ശതമാനം സീറ്റുകൾ നേടിയിരുന്നു. അതിൽകൂടുതൽ നേടാൻ ഇക്കുറി സാധ്യതയൊന്നുമില്ല. ഇൻഡ്യ പാർട്ടികൾ -ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവക്കാണ് പ്രസക്തിയേറെ-മികച്ച ഒത്തൊരുമ കാട്ടിയാൽ കുറച്ചുസീറ്റുകൾ ബി.ജെ.പിയിൽനിന്ന് പിടിച്ചെടുക്കാനും കഴിഞ്ഞേക്കും.

ഈ ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷനും ഇൻഡ്യ സഖ്യം ചെയർമാനുമായി ദളിത് പശ്ചാത്തലമുള്ള മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടു​ത്തത് അനുകൂല ഘടകമാണ്. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് രാഹുൽ ഗാന്ധി നയിക്കുന്ന, ഇൻഡ്യ പാർട്ടികളുടെ പിന്തുണയുള്ള ജോഡോ ന്യായ് യാത്രയും മുന്നണിക്ക് കരുത്തുപകർന്നേക്കും. പ്രത്യേകിച്ച്, ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങളുള്ള യു.പിയിൽ ഉൾപ്പെടെ.


ഹിന്ദി ബെൽറ്റിലും ഗുജറാത്തിലും അവധാന​തയോടെയുള്ള ആസൂത്രണങ്ങളാൽ ഒരു കൾട്ട് പേഴ്സനാലിറ്റിയെന്ന തലത്തിലേക്ക് ഉയരാനുള്ള ശ്രമങ്ങളിലാണ് മോദി. അയോധ്യയുടെ പശ്ചാത്തലത്തിൽ ആ പരിവേഷത്തിന് കൂടുതൽ അലങ്കാരവുമൊരുങ്ങുന്നു. രാമന് അയോധ്യയിൽ വാസസ്ഥലമൊരുക്കിയ ആൾ എന്ന നിലയിലെ ഇമേജ് സോഷ്യൽ മീഡിയയിൽ ഒഴുകിപ്പരക്കുന്നു.

പക്ഷേ, അപ്പോഴുമൊരു കൊളുത്തുണ്ട്: ബി.ജെ.പിക്ക് ഗണ്യമായ സ്വാധീനമുള്ള എല്ലാ മേഖലകളിലും, നൈരന്തര്യമായ ബി.ജെ.പി-ആർ.എസ്.എസ് പ്രോപഗണ്ടയും സാമുദായികവും സാംസ്കാരികവുമായ കടന്നുകയറ്റവും വഴി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാവി രാഷ്ട്രീയം നേടിയ സീറ്റുകൾ പരിഗണിക്കുമ്പോൾ അവരുടെ പരമാവധി പൂർണതയിലേക്ക് ഇതിനകം എത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നു പറയേണ്ടിവരും. അതുകണക്കിലെടുക്കുമ്പോൾ, ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുവഴി സൃഷ്ടിക്കപ്പെടുന്ന അമിത പ്രചാരണം കൊണ്ട് കൂടുതൽ പാർല​മെന്റ് സീറ്റുകൾ നേടിയെടുക്കാനുള്ള സാധ്യതകൾ തുലോം കുറവാണ്.

ഇൻഡ്യ ക്യാമ്പിൽ സഖ്യകക്ഷികൾക്കിടയിൽ സീറ്റുവിഭജനത്തിലെ അഭിപ്രായഭിന്നതകൾ ഒരു യാഥാർഥ്യമാണ്. എന്നാൽ, ഇത് പശ്ചിമ ബംഗാളിലും പിന്നെ പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലുമായി ചുരുങ്ങിയിരുക്കുന്നു. ഇൻഡ്യ പാർട്ടികൾ മൊത്തം നേടുന്ന സീറ്റുകളെ ഇത് കാര്യമായി സ്വാധീനിക്കാനിടയില്ല. ഈ തർക്കം അനായാസേന പരിഹരിക്കാനായാൽ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷ്യവുമായി ഒന്നിച്ചുനിൽക്കുന്നവരിൽ അത് പൊസിറ്റീവായ അനുരണനങ്ങളുണ്ടാക്കും.


ബി.ജെ.പിയിലെ അഭിപ്രായ ഭിന്നതകളാവട്ടെ, കൂടുതൽ പ്രകടമായി വരുന്നുണ്ട്. തന്നെ ഒഴിവാക്കിയ രീതിയോട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ വ്യക്തമായ അമർഷം ഇതിന്റെ തുറന്ന തെളിവാണ്. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും പ്രധാന ബി.ജെ.പി നേതാക്കളുടെ മുഖവും ഇരുണ്ടുതന്നെയാണുള്ളത്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ മോദി അവരെ അവഗണിച്ചിരുന്നു. യു.പിയിലാകട്ടെ, സംസ്ഥാന ഭരണത്തിലുള്ള പ്രധാനികളും കേന്ദ്രത്തിലെ ‘കാര്യകർതൃ ദ്വയവും’ തമ്മിലുള്ള അതൃപ്തി ഇപ്പോൾ രഹസ്യമല്ല.

ഇലക്ഷൻ കമീഷനും വോട്ടുയന്ത്രവും ഭരണത്തിലിരിക്കുന്നവർക്ക് അനുകൂലമാണെന്ന ചിന്ത വ്യാപകമായുണ്ട്. ‘മോദി ബി.ജെ.പി’ക്ക് കരുത്തുപകരാൻ പണത്തിന്റെ പിൻബലവും വേണ്ടുവോളം. മുഖ്യധാര മാധ്യമങ്ങൾ ഒരുക്കുന്ന കാറ്റിൽ മോദി തുഴഞ്ഞുനീങ്ങുന്നത് ​പ്രതിപക്ഷത്തെ ചിന്താക്കുഴപ്പത്തിലാക്കുന്നുമുണ്ട്. പക്ഷേ, എന്തൊക്കെയായാലും ഇലക്ഷനു മുമ്പുള്ള പൊളിറ്റിക്കൽ ലാൻഡ്സ്കേപ്പ് ഒരിക്കലും ഏകപക്ഷീയമല്ല. 

(കടപ്പാട്: thewire.in)

Tags:    
News Summary - Big Media Does Its Best To Boost the BJP, But the Political Landscape is No Longer One-Sided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.