പിന്നാക്ക വിഭാഗത്തിന് 65 ശതമാനം സംവരണമെന്ന നിയമം റദ്ദാക്കി പട്ന ഹൈകോടതി

പട്ന: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗത്തിന് 65 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് ബിഹാർ സർക്കാർ കൊണ്ടുവന്ന നിയമം പട്ന ഹൈകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. തുല്യതക്കുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനാ അനുച്ഛേദം 14, 15, 16 എന്നിവയുടെ ലംഘനമാണ് നിയമത്തിലൂടെയുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

ജാതി സർവേക്ക് പിന്നാലെ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കുള്ള സംവരണം 50ൽനിന്ന് 65 ആക്കി ഉയർത്തുന്ന നിയമം കഴിഞ്ഞ നവംബറിലാണ് ബിഹാർ നിയമസഭയിൽ പാസായത്. നിയമം നിലവിൽവന്നതോടെ ഒ.ബി.സി - 43 ശതമാനം, എസ്.സി - 20 ശതമാനം, എസ്.ടി - 2 ശതമാനം എന്നിങ്ങനെ സംവരണം പുനർ നിശ്ചയിക്കപ്പെട്ടു. ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 10 ശതമാനം സംവരണം കൂടിയുള്ളതിനാൽ ആകെ സംവരണം 75 ശതമാനമായി ഉയർന്നു. പൊതുവിഭാഗത്തിൽനിന്നുള്ളവർക്ക് 25 ശതമാനം ഒഴിവുകളിലേക്ക് മാത്രമേ പ്രവേശനം സാധ്യമാകൂ എന്ന സാഹചര്യം വന്നതോടെ പരാതി ഉയരുകയായിരുന്നു. സുപ്രീംകോടതി നിർദേശിച്ച 50 ശതമാനമെന്ന സംവരണ പരിധിക്കും ഏറെ മുകളിലാണ് സംസ്ഥാനത്ത് നടപ്പാക്കിയത്.

കോടതിയുടെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെടുമെന്നും ഝാ വ്യക്തമാക്കി.

Tags:    
News Summary - Bihar’s 65 percent quota for backward classes struck down by High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.