ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പർ പരീക്ഷക്ക് മുമ്പ് തന്നെ കിട്ടിയെന്ന് വിദ്യാർഥിയുടെ മൊഴി. നീറ്റിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായ വിദ്യാർഥി അനുരാഗ് യാദവാണ് ഇതുസംബന്ധിച്ച് മൊഴി നൽകിയത്. നീറ്റ് പരീക്ഷക്ക് നൽകിയ ചോദ്യപേപ്പറുമായി പൂർണമായും സാമ്യമുള്ളതാണ് തനിക്ക് ചോർന്നുകിട്ടിയ ചോദ്യപേപ്പറെന്ന് വിദ്യാർഥി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിലെ ധാൻപൂർ ടൗൺ കൗൺസിലിലെ എൻജിനീയറിന്റെ ബന്ധുവായ വിദ്യാർഥിയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ ബന്ധുവായ സിക്കന്തർ പ്രസാദ് യാദവേന്ദു തനിക്ക് എങ്ങനെയാണ് ചോദ്യപ്പേപ്പർ സംഘടിപ്പിച്ച് തന്നതെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നതിനിടെ ഇക്കാര്യത്തിൽ ബിഹാർ പൊലീസിൽ നിന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. നീറ്റിലെ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടിയുള്ള പുതിയ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എ സമർപ്പിച്ച ഹരജിയും ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എൻ. ഭാട്ടി എന്നിവരങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയുമാണ് കോടതിയുടെ മുന്നിലുള്ളത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുതിയ പരീക്ഷ നടത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണം. കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.