ന്യൂഡൽഹി: ബിഹാറിൽ ജാതിസർവേക്ക് പച്ചക്കൊടി കാണിച്ച ബിഹാർ ഹൈകോടതി വിധിക്കെതിരായ അപ്പീലിൽ ഈമാസം ആറിന് സുപ്രീംകോടതി വാദം കേൾക്കും. ഹരജികൾ ലിസ്റ്റ് ചെയ്തതായി ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ അറിയിച്ചു. സംഘ്പരിവാർ അനുകൂലമെന്ന് ആരോപണമുയർന്ന ‘ഏക് സോച് ഏക് പര്യാസ്’ എന്ന എൻ.ജി.ഒ അടക്കമുള്ളവയാണ് ഹരജിക്കാർ.
സംസ്ഥാന സർക്കാറിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. കേന്ദ്രസർക്കാറിന് മാത്രമാണ് ഇത്തരത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ അധികാരമുള്ളൂ എന്നും ഹരജിക്കാരിലൊരാളായ അഖിലേഷ് കുമാർ വാദിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ്, സർവേയുമായി ബിഹാർ സർക്കാറിന് മുന്നോട്ടുപോകാമെന്ന് പട്ന ഹൈകോടതി ഉത്തരവിട്ടത്.
സംസ്ഥാന സർക്കാറിന്റെ നടപടി പൂർണമായും നിയമപ്രകാരമാണെന്നും നീതിപൂവകമായ വികസനം ലക്ഷ്യം വെച്ചുള്ളതാണെന്നുമായിരുന്നു ഹൈകോടതി വിധിച്ചത്. ഇതിനെതിരായ അപ്പീലിൽ സ്റ്റേ നൽകാൻ വിസമ്മതിച്ച സുപ്രീംകോടതി, ഹരജിവാദത്തിനായി മാറ്റുകയായിരുന്നു.
ഹൈകോടതി ഉത്തരവിനു പിന്നാലെ ബിഹാർ സർക്കാർ സർവേ നടപടികൾ അതിവേഗം പൂർത്തിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.