ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് നടക്കാനിരിക്കെ എൻ.ഡി.എ പാളയത്തിൽ ഭിന്നത. മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച സഖ്യകക്ഷിയായ ബിജെപിയുടെ താര പ്രചാരകൻ യോഗി ആദിത്യനാഥിെന വിമർശിച്ച് രംഗത്തെത്തി. സി.എ.എ സംബന്ധിച്ച് യോഗി നടത്തിയ പ്രസ്താവനയാണ് നിതീഷിനെ ചൊടിപ്പിച്ചത്. 'നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന'ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ 'വിടുവായത്തം' എന്നാണ് നിതീഷ് വിശേഷിപ്പിച്ചത്. ആരാണ് ഇത്തരം അനാവശ്യങ്ങൾ സംസാരിക്കുകയെന്നും നിതീഷ് ചോദിച്ചു.
'ചിലർ കുപ്രചരണം നടത്തുകയാണ്. ആരെയാണ് രാജ്യത്ത് നിന്ന് പുറത്താക്കുക? എല്ലാവരും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ആരെയും പുറത്താക്കാൻ ആർക്കും അധികാരമില്ല. ഞങ്ങൾ എല്ലായ്പ്പോഴും യോജിപ്പിെൻറ അന്തരീക്ഷം സൃഷ്ടിക്കുകയും എല്ലാവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും'-നിതീഷ്കുമാർ കിഷൻഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവർത്തിക്കാനാണ് തെൻറ ശ്രമമെന്നും അതിനാൽ പുരോഗതി കൈവരിക്കാമെന്നും നിതീഷ് കൂട്ടിച്ചേർത്തു. 'ഈ ആളുകൾ ഭിന്നിപ്പുകൾ സൃഷ്ടിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. അവർക്ക് മറ്റ് ജോലികളൊന്നുമില്ലേ'-അദ്ദേഹം ചോദിച്ചു.
നുഴഞ്ഞുകയറ്റക്കാരൻ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചാൽ കേന്ദ്രത്തിലെ ബിജെപി സർക്കാർ അവരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന് യോഗി കതിഹാർ നിയമസഭാ സീറ്റിലെ റാലിയിൽ പറഞ്ഞിരുന്നു.'നുഴഞ്ഞുകയറ്റ പ്രശ്നത്തിന് മോദിജി പരിഹാരം കണ്ടെത്തിയിട്ടുണ്ട്. സിഎഎ (പൗരത്വ ഭേദഗതി നിയമം) ഉപയോഗിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ അദ്ദേഹം ഉറപ്പുവരുത്തി. ഇനിമുതൽ ഏതൊരു നുഴഞ്ഞുകയറ്റക്കാരനേയും രാജ്യം പുറത്താക്കും. രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും പ്രശ്നത്തിലാക്കുന്ന ആരെയും ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല'-യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ പ്രാബല്യത്തിൽ വന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. സിഎഎയും ദേശീയ പൗരന്മാർക്കുള്ള രജിസ്റ്ററും (എൻആർസി) മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് സർക്കാർ ഉപയോഗിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. യോഗിയും നിതീഷും ബീഹാറിൽ സഖ്യത്തിലാണ്. മുസ്ലിം വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് അലോസരമുണ്ടാകാതിരിക്കാനാണ് നിതീഷിെൻറ യോഗി വിരുദ്ധ പ്രസ്താവനയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.