പശുക്കടത്തുകാരുടെ വെടിയേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു

പട്ന: ബിഹാറിൽ അനധികൃതമായി കന്നുകാലികളെ കടത്താൻ ശ്രമിച്ച സംഘത്തിന്‍റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു. ബിഹാറിലെ സമസ്തിപൂർ ജല്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നന്ദകിഷോർ യാദവ് ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച മോഹൻപൂർ പൊലീസ് ഔട്ട് പോസ്റ്റ് പരിധിയിലൂടെ കന്നുകാലികളെ കയറ്റി അനധികൃതമായി വാഹനം എത്തുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് നന്ദകിഷോറിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കായി സ്ഥലത്തെത്തിയിരുന്നു. പിന്നാലെ ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവരുടെ കൂട്ടാളികൾ സ്ഥലത്തെത്തുകയും യാദവിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.

ഇടതുകണ്ണിന് സമീപം വെടിയേറ്റ യാദവ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. പൊലീസുദ്യോഗസ്ഥന് നേരെ വെടിവെച്ചവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും കേസിൽ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു. കന്നുകാലികളെ കടത്താൻ ശ്രമിച്ച മൂന്ന് പേരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. 

Tags:    
News Summary - Bihar cop died afte being shot by cattle smugglers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.