ബിഹാർ ആർക്കൊപ്പം: ചിത്രം തെളിയാൻ ഇനിയും സമയമെടുക്കും

പട്​ന: തേജസ്വി യാദവ്​ -രാഹുൽ യുവ കൂട്ടുകെട്ട്​ ബിഹാറിൻെറ ഹൃദയം കവരുമോ അതോ രാഷ്​ട്രീയ ചാണക്യൻ നിതീഷ്​ കുമാർ തന്നെ ഭരണത്തിൽ തുടരുമോ എന്നറിയാനുള്ള കാത്തിരിപ്പ്​ തുടരുന്നു. 243 അംഗ നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പി​ൽ 122 സീറ്റാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​. രാവിലെ എട്ട്​ മണിക്ക്​ തുടങ്ങിയ വോ​ട്ടെണ്ണൽ ഉച്ച രണ്ടുമണി  പിന്നിട്ടിട്ടും 50 ശതമാനത്തോളമാണ്​ പൂർത്തിയായത്​.  ഈ നില തുടരുകയാണെങ്കിൽ ചിത്രം വ്യക്​തമാകാൻ വൈകീട്ട്​ ആറുമണിയെങ്കിലും കഴിയുമെന്നാണ്​ കരുതുന്നത്​..

15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാര്‍ ആണ്​ എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഇന്നലെ 31ാം പിറന്നാൾ ആഘോഷിച്ച ലാലു പ്രസാദ് യാദവി​െൻറ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവി​െൻറ നേതൃത്വത്തിലാണ്​ പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്​. അതേസമയം, കഴിഞ്ഞ തവണ എൻ.ഡി.എയുടെ കൂടെയുണ്ടായിരുന്ന രാംവിലാസ് പാസ്വാ​െൻറ മകന്‍ ചിരാഗ്​ പാസ്വാ​െൻറ നേതൃത്വത്തിലുള്ള എൽ.ജെ.പി ഇത്തവണ ഉടക്കിയാണ്​ മത്സരിച്ചത്​​. ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളിലൊക്കെ ഇവർ സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്​.

ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ്​ വിജയസാധ്യത പ്രഖ്യാപിച്ചത്​. എന്നാല്‍, ഭരണം നിലനിര്‍ത്തുമെന്ന്​ തന്നെയാണ്​ ബി.ജെ.പി അടക്കമുള്ള എൻ.ഡി.എ ക്യാമ്പി​െൻറ വിശ്വാസം. പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ ദേശീയ തലത്തില്‍ എൻ.ഡി.എക്കെതിരായ നീക്കത്തിന്​ ഊര്‍ജം നല്‍കും. വിജയം ഉറപ്പാണെന്നും വിജയാഘോഷം സമചിത്തതയോടെ നടത്താവു എന്നും തേജസ്വി യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. ദീപാവലി ആശംസ നേർന്ന നിതീഷ്‌കുമാര്‍ രാഷ്​ട്രീയ പ്രതികരണത്തിന് തയാറായില്ല.

മുഖ്യമന്ത്രിക്കസേരക്ക്​ കൂട്ടുകെട്ടുകളും മുന്നണി സമവാക്യങ്ങളും പലകുറി മാറ്റിയെഴുതിയിട്ടുണ്ട്​ നിതീഷ്​ കുമാർ. ഒന്നര പതിറ്റാണ്ട് നീണ്ട ലാലു പ്രസാദ്​ യാദവ്​, റാബ്റി ദേവി ഭരണത്തിന് അന്ത്യംകുറിച്ചാണ് നിതീഷ് 2005ല്‍ ആദ്യം മുഖ്യമന്ത്രിയായത്. 2015ൽ നിതീഷ്​ കാലുമാറി. മോദി-അമിത് ഷാ പടയോട്ടത്തിന് കടിഞ്ഞാണിടാന്‍ ശത്രുവായ ലാലുപ്രസാദ്​ യാദവിനെ മിത്രമാക്കിയായിരുന്നു അത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. ഇത് ഫലംകണ്ടുവെന്നു മാത്രമല്ല വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കുകയും ചെയ്തു. നിതീഷ്​ മുഖ്യമന്ത്രിയും ലാലു പ്രസാദ്​ യാദവിന്‍റെ മകൻ തേജസ്വി യാദവ്​ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, ഭരണം തുടരവേ 2017ൽ പൊടുന്ന​നെ നിതീഷ്​ വീണ്ടും കാലുമാറി. പിന്നീട്​​ ബി.ജെ.പിയുടെ ഒപ്പം ചേർന്നാണ്​ ഇപ്പോഴും ഭരിക്കുന്നത്​.

31കാരൻ തേജസ്വി യാദവ്​ ജയിച്ചാൽ ​​ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന പദവിക്ക്​ അദ്ദേഹം അർഹനാകും. അച്ഛനും അമ്മയ്ക്കും പിന്നാലെ ആ കസേരയിലെത്തുന്ന മകൻ എന്ന അപൂർവതയും അദ്ദേഹത്തിന്​ സ്വന്തമാകും. മഹാസഖ്യത്തിൽ ആർ.ജെ.ഡി 144 സീറ്റ്​, കോൺ​ഗ്രസ്​ 70, സിപിഐഎംഎൽ 19, സി.പി.ഐ ആറ്, സിപിഎം നാല് എന്നിങ്ങനെയാണ്​ മത്സരിക്കുന്നത്​.

2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസും ഉൾപ്പെട്ടതായിരുന്നു മഹാസഖ്യം. ആകെയുള്ള 243 സീറ്റിൽ 178 സീറ്റുകളും ഇവർക്കായിരുന്നു ലഭിച്ചത്. വോട്ടുശതമാനം 41.9. ബി.ജെ.പിയുടെ എൻ.ഡി.എ സഖ്യത്തിനാവ​ട്ടെ 58 സീറ്റുകൾ മാത്രമാണ്​ ലഭിച്ചത്​. എന്നാൽ, പിന്നീട്​ നിതീഷി​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു, ബി.ജെ.പിയോടൊപ്പം പോയി.

ഇത്തവണ മുന്നണി സമവാക്യം മാറിമറിഞ്ഞു. ജെ.ഡി.യു -ബി.ജെ.പി അടങ്ങിയ എൻ.ഡി.എ സഖ്യവും ആര്‍.ജെ.ഡി, കോണ്‍ഗ്രസ്​, ഇടതുപാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യവും തമ്മിലാണ്​ മത്സരം. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പി​െൻറ​ ഫലം ചൊവ്വാഴ്​ച രാവ​ിലെ എട്ടുമുതൽ അറിയാം.

2015ലെ കക്ഷി തിരിച്ചുള്ള സീറ്റ്​ നില (ബ്രാക്കറ്റിൽ വോട്ടുശതമാനം):

ആര്‍.ജെ.ഡി- 80 (18.4%)

ജെ.ഡി.യു -71 (16.8%)

കോണ്‍ഗ്രസ്​ 23 (6.7%)

ബി.ജെ.പി 53 (24.4%)

എൽ.ജെ.പി -രണ്ട്​ (4.8%)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.