പട്ന: കോവിഡിനെയും പ്രതിപക്ഷസഖ്യത്തെയും കരുതിയിരുന്നില്ലെങ്കിൽ ദുരിതത്തിലേക്കു കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ബിഹാറിൽ.
നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം നടന്ന ബുധനാഴ്ച തലസ്ഥാനനഗരിയായ പട്നക്കു പുറമെ ദർഭംഗ, മുസഫർപുർ എന്നിവിടങ്ങളിലെ റാലികളിലാണ് പ്രധാനമന്ത്രി വോട്ടർമാരെ അഭിസംബോധന ചെയ്തത്. 10 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്ന മഹാസഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിെൻറ വാഗ്ദാനം ബിഹാറിലെമ്പാടും തരംഗമായ സാഹചര്യത്തിൽ തേജസ്വിയെ ജംഗിൾരാജിലെ യുവരാജാവ് എന്നു വിശേഷിപ്പിച്ചാണ് മോദി സംസാരിച്ചത്. ക്രമസമാധാനം തകർക്കലും തട്ടിക്കൊണ്ടുപോക്കുമെല്ലാം പതിവാക്കിയ പാർട്ടിക്കാർ അധികാരത്തിൽ വന്നാൽ പ്രവർത്തനം നിർത്താൻ കച്ചവടസ്ഥാപനങ്ങളും കമ്പനികളും നിർബന്ധിതരാകുമെന്നും സ്വകാര്യ തൊഴിലുകൾപോലും ഇല്ലാതാകുമെന്നും പ്രധാനമന്ത്രി ആരോപിച്ചു.
എന്നാൽ, വാല്മീകിനഗറിലെയും ദർഭംഗയിലെയും റാലികളിൽ സംസാരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടുകോടി പേർക്ക് തൊഴിൽ നൽകാമെന്ന് കള്ളവാഗ്ദാനം നൽകിയ ആളാണ് മോദിയെന്ന് തിരിച്ചടിച്ചു. സീതാ മാതാവിെൻറ നാടായ മിഥിലയിൽനിന്ന് സംസാരിക്കുന്നതിൽ അതീവ സന്തുഷ്ടനാണെന്ന് ദർഭംഗയിലെ യോഗത്തിൽ പ്രഖ്യാപിച്ച മോദി അയോധ്യയിലെ രാമക്ഷേത്രനിർമാണം ആരംഭിച്ചതും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ആദ്യ റൗണ്ട് പര്യടനത്തിലെ ആൾക്ഷാമം പരിഹരിക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങൾ ഇന്നലത്തെ യോഗത്തിൽ ദൃശ്യമായിരുന്നു. സാമൂഹിക അകല നിബന്ധനകൾ മറികടക്കുംവിധമായിരുന്നു ജനങ്ങളെത്തിയത്.
യോഗവേദികളിൽ ജനത്തിരക്ക് ഒഴിവാക്കാൻ 300 കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകൾ സ്ഥാപിച്ചിരുന്നതായി സംസ്ഥാന ബി.െജ.പി നേതൃത്വം അറിയിച്ചു. പ്രസംഗങ്ങളിലെല്ലാം വിദേശരാജ്യങ്ങളുടെ വിശേഷം പറയുന്ന മോദി സ്വന്തം നാട്ടിലെ തൊഴിലില്ലായ്മയെക്കുറിച്ച് മൗനം പുലർത്തുകയാണെന്നായിരുന്നു രാഹുലിെൻറ പരിഹാസം.
മോദി ജോലി വാഗ്ദാനം നൽകിയാൽ ബിഹാറി ജനത അദ്ദേഹത്തെ ആട്ടിപ്പായിക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നുണപറയുകയാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
ദസറക്കാലത്ത് പഞ്ചാബിലെ കർഷകർ മോദിയുടെ കോലം കത്തിച്ചതിൽനിന്ന് കർഷകരും യുവജനങ്ങളും എത്രമാത്രം അസന്തുഷ്ടരാണെന്ന് വ്യക്തമാണ്.
കോൺഗ്രസിന് രാജ്യം ഭരിക്കാനും കർഷകർക്ക് വേണ്ടതു നൽകാനും തൊഴിലവസരങ്ങൾ ഒരുക്കാനും അറിയാം, പക്ഷേ എങ്ങനെ നുണപറയണമെന്ന് തങ്ങൾക്ക് അറിയിെല്ലന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.