ബീഹാറിലെ ‘ഇരട്ട എൻജിൻ’ ബി.ജെ.പി സർക്കാർ യുവാക്കൾക്കെതിരായ ഇരട്ട ക്രൂരതയുടെ പ്രതീകമെന്ന് പ്രിയങ്ക

ന്യൂഡൽഹി: ബീഹാറിലെ ‘ഇരട്ട എൻജിൻ’ ബി.ജെ.പി സർക്കാർ യുവാക്കൾക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാർ പി.എസ്‌.സി പരീക്ഷയിലെ പേപ്പർ ചോർച്ചക്കെതിരെയും ക്രമക്കേടുകൾക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഉദ്യോഗാർഥികൾക്കുമേൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനു പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

പരീക്ഷകളിലെ അഴിമതിയും കൃത്രിമവും പേപ്പർ ചോർച്ചയും തടയുക എന്നത് സർക്കാറിന്റെ കടമയാണ്. എന്നാൽ, അഴിമതി തടയുന്നതിന് പകരം വിദ്യാർഥികൾ ശബ്ദമുയർത്തുന്നത് തടയുകയാണ് അവർ ചെയ്യുന്നതെന്ന് പ്രിയങ്ക ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു. ഈ കൊടും തണുപ്പിൽ യുവാക്കൾക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാർജും മനുഷ്യത്വരഹിതമാണ്. ബി.ജെ.പിയുടെ ഇരട്ട എൻജിൻ യുവാക്കൾക്ക് നേരെയുള്ള ഇരട്ട ക്രൂരതയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും കോൺഗ്രസ് എം.പി പറഞ്ഞു.

ഡിസംബർ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്‌.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

അതിനിടെ, മുൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രൂപീകരിച്ച പുതിയ സംഘടനയായ ‘ജൻ സൂരജ് പാർട്ടി’ ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന്റെ 'ബി ടീമായി' പ്രവർത്തിക്കുന്നുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനു പിന്നാലെ ഒരു ഒരു വീഡിയോ സന്ദേശത്തിലായിരുന്നു പ്രശാന്തിനെതിരെ തേജസ്വിയുടെ ആക്രമണം. പ്രശാന്ത് പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ച് ഗാന്ധി മൈതാനത്തേക്ക് മാർച്ച് നടത്താൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് തേജസ്വി പറഞ്ഞു.

‘ഈ പ്രസ്ഥാനം ആരംഭിച്ചത് വിദ്യാർഥികളാണ്. ഗാർദാനി ബാഗിൽ രണ്ടാഴ്ചയോളം നീണ്ട അവരുടെ ധർണ സർക്കാരിനെ വിറപ്പിച്ചു. ഈ നിമിഷം സർക്കാറിന്റെ ബി ടീമായി പ്രവർത്തിക്കുന്ന ചിലർ അതിലേക്ക് കടന്നുവന്നു. ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഗാന്ധി മൈതാനത്തേക്ക് മാർച്ച് ചെയ്യാൻ പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ചു. ലാത്തിച്ചാർജും ജലപീരങ്കിയും നേരിടേണ്ട സമയമായപ്പോൾ പ്രതിഷേധത്തിന് നേതൃത്വം നൽകാമെന്ന് വാഗ്ദാനം ചെയ്തവർ ഓടിപ്പോകാൻ തീരുമാനിച്ചുവെന്നും തേജസ്വി ആരോപിച്ചു.

പൊലീസ് ബലം പ്രയോഗിച്ചപ്പോൾ കിഷോർ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അതിനു മുമ്പ് അദ്ദേഹം തന്റെ അനുയായികളോടൊപ്പം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തിരുന്നു. ഇത് കിഷോറിനും ജാൻ സൂരജ് പാർട്ടി പ്രസിഡന്റ് മനോജ് ഭാരതിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനിടയാക്കി. പ്രശാന്ത് കിഷോർ സംസാരിച്ച ഗാന്ധി മൈതാനത്തുനിന്ന് പ്രതിഷേധക്കാർ ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചുവെന്നും ഇത് നടപടിയെടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതായും പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.