ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണ നിരക്ക് ഉയരുന്നു; നിതീഷ് കുമാറിനോട് ചോദ്യങ്ങളുമായി തേജസ്വി യാദവ്

പട്ന: ബിഹാറിലെ ഏറ്റവും പുതിയ വ്യാജ മദ്യ ദുരന്തത്തിൽ മരണം 42 ആയി ഉയർന്നു. അനധികൃത മദ്യം കഴിച്ച് സിവാൻ ജില്ലയിൽ 28 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. അയൽദേശമായ സരണിൽ മരണസംഖ്യ 12 ആയി ഉയർന്നു. ഗോപാൽഗഞ്ചിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവത്തി​ന്‍റെ പശ്ചാത്തലത്തിൽ ഒരു ഡസൻ ചോദ്യങ്ങളുമായി ആർ.ജെ.ഡി നേതാവ് തേജസ്വി പ്രസാദ് യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ചു.

നിതീഷ് കുമാറി​ന്‍റെ സ്ഥാപനവൽക്കരിച്ച അഴിമതിയുടെ ചെറിയ ഉദാഹരണം മാത്രമാണ് അപൂർണ മദ്യ നിരോധനമെന്ന് തേജസ്വി കുറ്റപ്പെടുത്തി. മദ്യനിരോധനം പൂർണമായും നടപ്പാക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണ്. ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും പൊലീസി​ന്‍റെയും മാഫിയയുടെയും അവിശുദ്ധ കൂട്ടുകെട്ട് കാരണം 30,000 കോടി രൂപയുടെ മദ്യത്തി​ന്‍റെ കരിഞ്ചന്ത തഴച്ചുവളരുകയാണ്.

നിരോധനമുണ്ടായിട്ടും സംസ്ഥാനത്ത് 3.46 ലക്ഷം കോടി ലിറ്റർ മദ്യം പിടിച്ചെടുത്തത് കടലാസിൽ മാത്രമാണ് കാണിക്കുന്നതെന്ന് തേജസ്വി ചൂണ്ടിക്കാട്ടി. മദ്യം പിടിച്ചെടുക്കുന്നതിലും ഒരു അഴിമതിയുണ്ട്. 20 ട്രക്ക് മദ്യം സംസ്ഥാനത്തേക്ക് അനുവദിച്ചതിനുശേഷം അതിൽ നിന്ന് ഒരു ലോഡ് മാത്രം പൊലീസ് പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേജസ്വി നിതീഷിനോട് 12 ചോദ്യങ്ങളും ചോദിച്ചു. സംസ്ഥാനത്ത് ഇത്രയധികം മദ്യം പിടികൂടിയതിലും അനധികൃത മദ്യം കഴിച്ചുള്ള ആയിരക്കണക്കിന് മരണത്തിന് ആരാണ് ഉത്തരവാദിയെന്നും കുറ്റക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരാഞ്ഞു. എന്തുകൊണ്ടാണ് ഇതുവരെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയോ ജില്ലാ പൊലീസ് സൂപ്രണ്ടിനെതിരെയോ നടപടിയെടുക്കാത്തത്?

2016 ഏപ്രിലിൽ മദ്യനിരോധനം ഏർപ്പെടുത്തിയതിന് ശേഷം 8.43 ലക്ഷം കേസുകളിലായി അറസ്റ്റിലായ 12.7 ലക്ഷം പേരിൽ ഭൂരിഭാഗവും ദരിദ്രവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഡെപ്യൂട്ടി സൂപ്രണ്ടിനും അതിനു മുകളിലുമുള്ള റാങ്കിലുള്ള എത്ര പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ ശിക്ഷിക്കപ്പെടുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്തിട്ടുണ്ട്?

പൊലീസും എക്‌സൈസും ചേർന്ന് പ്രതിദിനം ശരാശരി 6,600 റെയ്ഡുകൾ നടത്തിയിട്ടും മദ്യക്കടത്ത് ഇപ്പോഴും നടക്കുന്നുണ്ടെങ്കിൽ ആരാണ് ഉത്തരവാദി? നോട്ട് നിരോധനത്തി​ന്‍റെ പരാജയത്തി​ന്‍റെ ഉത്തരവാദിത്തം നിതീഷ് ഏറ്റെടുക്കുമോയെന്നും ആർ.ജെ.ഡി നേതാവ് ഉന്നയിച്ചു. ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളുമായോ പൊതുജനങ്ങളുമായോ ഇരകളുമായോ സംവദിച്ചിട്ടില്ലെന്നും തേജസ്വി കൂട്ടിച്ചേർത്തു.

Tags:    
News Summary - Bihar hooch deaths rise to 42, RJD leader Tejashwi Yadav poses 12 questions for Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.