ന്യൂഡൽഹി: തുടർച്ചയായി നാലാം തവണയും ബിഹാറിൽ ഭരണം നിലനിർത്തി ഹിന്ദി ഹൃദയ ഭൂമിയിൽ എൻ.ഡി.എ ചരിത്രം കുറിച്ചെങ്കിലും മുന്നണിയുടെ നേരിയ ഭൂരിപക്ഷം വിജയത്തിെൻറ തിളക്കം കെടുത്തി. ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ പ്രതിപക്ഷ കക്ഷി ആർ.ജെ.ഡിയുടെ മുന്നേറ്റവും നിതീഷ് കുമാർ നയിക്കുന്ന ജെ.ഡി.യുവിെൻറ വൻ പരാജയവുമാണ് 243 അംഗ സഭയിൽ 125 സീറ്റു നേടിയ എൻ.ഡി.എയുടെ പ്രകടനത്തിന് മങ്ങലേൽപിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ ഫലപ്രഖ്യാപനം വന്നെങ്കിലും വളരെ വൈകി രാത്രിയാണ് ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ്രതികരിക്കുന്നത്. വോട്ടർമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദിപറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവുമോ എന്ന കാര്യത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും പാർട്ടി നേതാവും നിതീഷ് തന്നെയാവും മുഖ്യമന്ത്രിയെന്ന് ബുധനാഴ്ചയും ആവർത്തിച്ചിരുന്നു. െജ.ഡി.യു അധ്യക്ഷൻ നിതീഷ് തന്നെ അധികാരമേൽക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, മുന്നണിയിൽ ബി.ജെ.പിക്ക് പിന്നിൽ മുന്നണിയിൽ രണ്ടാം കക്ഷിയായിപ്പോയതിെൻറ ആഘാതത്തിൽ ഈ വിഷയത്തിൽ നിതീഷ് ഇപ്പോഴും മൗനിയാണ്. നിയമസഭ കക്ഷി യോഗങ്ങൾ ചേരുന്നതിെൻറയോ മറ്റോ തീരുമാനങ്ങൾ ഇനിയുമുണ്ടായിട്ടില്ല.
ആർ.ജെ.ഡി-കോൺഗ്രസ്-ഇടതു കക്ഷികളടങ്ങുന്ന മഹാസഖ്യത്തിന് മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലാണ് പ്രധാനമായും തിരിച്ചടി നേരിട്ടത് . അതോടൊപ്പം ജാതി വോട്ടുകൾ നിർണായകമായ ബിഹാറിൽ ഉയർന്ന ജാതിക്കാർ സഖ്യവുമായി അകലം പാലിക്കുകയും ചെയ്തു. ഇതിന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിെൻറ ചില പരാമർശങ്ങൾ കാരണവുമായി. സീമാഞ്ചലിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കുകയും അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.ഇ.എം നേട്ടം കൊയ്യുകയും ചെയ്തതാണ് കോൺഗ്രസിന് ക്ഷീണമായതെന്നാണ് വിലയിരുത്തൽ. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റാണ് ലഭിച്ചത്്. 75 സീറ്റ് ആർ.ജെ.ഡി നേടിയെങ്കിലും മുന്നണിയുടെ കുതിപ്പ് 110ൽ അവസാനിച്ചു. ഇതിൽ സി.പി.െഎ എം.എല്ലിെൻറ 12 സീറ്റടക്കം ഇടതു കക്ഷികൾ 16 സീറ്റു നേടിയതാണ് മഹാ സഖ്യത്തിന് മികച്ച പിന്തുണയായത്.
എൻ.ഡി.എയിൽ 74 സീറ്റ് നേടി ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദുത്വ പ്രചാരണവും ദേശീയത രാഷ്ട്രീയവും ബി.ജെ.പിക്ക് അനുകൂലമായി ഭവിച്ചു. രാം മന്ദിർ നിർമാണം തുടങ്ങാനായതും 370ാം വകുപ്പ് റദ്ദാക്കിയതുമാണ് അദ്ദേഹം നേട്ടമായി പ്രചാരണത്തിൽ അവതരിച്ചത്. അതേസമയം, കോവിഡ് കൈകാര്യം ചെയ്തതിലെ അംഗീകാരമാണ് ഇൗ വിജയമെന്ന് അദ്ദേഹം ബുധനാഴ്ച പ്രഖ്യാപിച്ചു. നിശ്ശബ്ദ വോട്ടർമാരായ സ്ത്രീകളുടെ പിന്തുണ എൻ.ഡി.എക്ക് ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിഹാറിലെ നേരിയ ഭൂരിപക്ഷം എൻ.ഡി.എയെ സമ്മർദത്തിലാക്കും. ബി.ജെ.പിയും ആർ.ജെ.ഡിയും അടങ്ങുന്ന 117 അംഗങ്ങൾക്ക് പുറമെയുള്ള ചെറു പാർട്ടികളുടെ തീരുമാനം പലപ്പോഴും നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.