പാറ്റ്ന: ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ സംസ്ഥാനത്തെ ബി.ജെ.പി എം.എൽ.എമാർ പിന്തുണക്കും. പാറ്റ്നയിൽ ചേർന്ന ബി.ജെ.പി എം.എൽ.എമാരുടെ പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നിതീഷ് സഹായം ആവശ്യപ്പെട്ടാൽ അക്കാര്യം ആലോചിക്കും. സംസ്ഥാനത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാൻ തയാറല്ലെന്നും ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി മാധ്യമങ്ങളോട് പറഞ്ഞു.
243 അംഗ നിയമസഭയിൽ 122 സീറ്റ് മതി കേവല ഭൂരിപക്ഷത്തിന്. 71 സീറ്റുള്ള ജെ.ഡി.യുവിനെ 53 സീറ്റുള്ള മൂന്നാമത്തെ വലിയ കക്ഷിയായ ബി.ജെ.പി പിന്തുണച്ചാൽ നിതീഷിനെ പുതിയ സർക്കാർ രൂപീകരിക്കാൻ സാധിക്കും. 53 സീറ്റുള്ള ബി.ജെ.പി പിന്തുണച്ചാൽ നിതീഷിന് ആകെ പിന്തുണ 124 സീറ്റാകും.
ഇതു കൂടാതെ എൻ.ഡി.എ ഘടകകക്ഷികളുടെ അഞ്ച് സീറ്റ് കൂടി (എൽ.ജെ.എസ്. പി-രണ്ട് സീറ്റ്, ആർ.എൽ.എസ്.പി-രണ്ട് സീറ്റ്, എച്ച്.എ.എം (എസ്)-ഒരു സീറ്റ്) പിന്തുണ കൂടി ലഭിച്ചാൽ ഭൂരിപക്ഷം 129 ആയി ഉയരും.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്‍റെ ആർ.ജെ.ഡി സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. എന്നാൽ, 80 സീറ്റുള്ള ആർ.ജെ.ഡിയെ 27 സീറ്റുള്ള കോൺഗ്രസും ചെറുകക്ഷി സി.പി.എം (എം.എൽ) -മൂന്ന് സീറ്റ്, സ്വതന്ത്രർ -നാലു സീറ്റ് എന്നിവർ പിന്തുണച്ചാൽ പോലും ആകെ 114 സീറ്റേ ലഭിക്കൂ.
ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ അഴിമതി ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ആർ.ജെ.ഡിയെയും ലാലുവിനെയും പിന്തുണക്കാൻ കോൺഗ്രസ് സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.