പാട്ന: പണമിടപാടുകാരനും പങ്കാളികളും ചേർന്ന് ദലിത് സ്ത്രീയെ വിവസ്ത്രയാക്കി മർദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന പരാതിയിൽ മതിയായ തെളിവില്ലെന്ന് പൊലീസ്. സ്ത്രീക്ക് മർദനമേറ്റിട്ടുണ്ട്. എന്നാൽ, മുഖത്ത് മൂത്രമൊഴിച്ചതിന് തെളിവില്ല -ബിഹാർ പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കടം വാങ്ങിയ പണം തിരികെയടച്ചിട്ടും പ്രതി അധിക പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ദലിത് സ്ത്രീ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി സ്ത്രീയെ ആക്രമിച്ചത്. ക്രൂര മർദനമേറ്റ സ്ത്രീ ചികിത്സ തേടിയിരുന്നു.
ഖുസ്റുപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പണമിടപാടുകാരനായ പ്രമോദ് സിങ്ങും അദ്ദേഹത്തിന്‍റെ മകൻ അൻഷു സിങ്ങുമാണ് അതിക്രമം നടത്തിയത്. പൊലീസ് സംഘം അന്വേഷണത്തിനെത്തി പോയതിന് പിന്നാലെ പ്രമോദ് യുവതിയെ ബലമായി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മർദിക്കുകയായിരുന്നു. കൈകൊണ്ടും വടി കൊണ്ടും യുവതിയെ പ്രതികൾ മർദിച്ച ശേഷം പ്രമോദ് മകനോട് അൻഷു സിങ്ങിനോട് വായിൽ മൂത്രമൊഴിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഇരുവരും ഒളിവിലാണ്.
മാസങ്ങൾക്ക് മുമ്പാണ് പ്രതിയായ പ്രമോദ് സിങ്ങിൽ നിന്നും യുവതിയുടെ ഭർത്താവ് 1500രൂപ കടം വാങ്ങിയത്. ഇത് പലിശ സഹിതം തിരികെ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടെന്നും ഇത് സംബന്ധിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ യുവതിയെ നഗ്നയാക്കി പൊതുമധ്യത്തിലൂടെ നടത്തുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.