ബിൽക്കീസ് ബാനു കേസ്: ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേരെ ഇളവ് നൽകി വിട്ടയച്ചതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. വിശദമായ മറുപടി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. 11 പ്രതികളെയും കേസിൽ കക്ഷിചേർക്കാൻ കോടതി ഹരജിക്കാരോട് നിർദേശിച്ചു. കേസ് വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. 

ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, റിട്ട. പ്രഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വർമ എന്നിവരാണ് ഗുജറാത്ത് സർക്കാർ നടപടിയെ ചോദ്യംചെയ്ത് ഹരജി നൽകിയത്.

പ്രതികൾ ചെയ്ത കുറ്റം ഭീകരമാണെന്നത് ഇളവ് നൽകുന്നത് തടയാൻ മതിയായ കാരണമാണോയെന്ന് ജസ്റ്റിസ് രസ്തോഗി കപിൽ സിബലിനോട് ചോദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ദിനേനയെന്നോണം ഇളവ് ലഭിക്കുന്നുണ്ട്. ഈ കേസിൽ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു.

മറുപടി നൽകിയ കപിൽ സിബൽ പ്രതികൾ ചെയ്ത കുറ്റം വിശദീകരിച്ചു. മുസ്ലിംകൾക്കെതിരായ അതിക്രമവും നാടുവിടേണ്ടിവന്ന സാഹചര്യവും ബലാത്സംഗങ്ങളും കൊലപാതകങ്ങളും മറ്റും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇളവ് അനുവദിച്ച വിഷയത്തിലേക്ക് കേന്ദ്രീകരിക്കാൻ കോടതി സിബലിനോട് നിർദേശിച്ചു. 'അവർ എന്തൊക്കെ ചെയ്തതായാലും അവർക്ക് അതിനുള്ള ശിക്ഷ നൽകിക്കഴിഞ്ഞു. അവർക്ക് നൽകിയ ഇളവ് ന്യായീകരിക്കപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് ഇപ്പോൾ വിഷയം. ഇളവ് നൽകിയത് നിയമവിധേയമാണോ എന്നത് മാത്രമാണ് ഞങ്ങളിപ്പോൾ പരിശോധിക്കുന്നത്' -ജസ്റ്റിസ് രസ്തോഗി പറഞ്ഞു. 

കഴിഞ്ഞ മേയിൽ, ബിൽക്കീസ് ബാനു കേസിലെ പ്രതികൾക്ക് ഇളവ് അനുവദിക്കാമോയെന്ന് പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിന് സമിതിയെ നിയോഗിക്കാമെന്ന് വിധിച്ച ബെഞ്ചിൽ ജസ്റ്റിസ് അജയ് രസ്തോഗിയും, ജസ്റ്റിസ് വിക്രം നാഥും അംഗങ്ങളായിരുന്നു. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് കഴിഞ്ഞ ദിവസം ഹരജി ഫയൽ ചെയ്തപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചിരുന്നു. മറുപടി നൽകിയ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സർക്കാറിന് ഇത്തരമൊരു വിവേചനാധികാരം നൽകുകയാണ് സുപ്രീംകോടതി ചെയ്തതെന്നും, സുപ്രീംകോടതി വിധിയെയല്ല, പ്രതികൾക്ക് ഇളവ് നൽകിയതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചിരുന്നു.

15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച് ഇളവ് അനുവദിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടർന്ന് ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.

Tags:    
News Summary - bilkis Bano case: SC issues notice Gujarat govt in plea challenging remission of 11 convicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.