ഗുജറാത്ത് സർക്കാറിന് തിരിച്ചടി; ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കിയത്. ഇതോടെ കേസിലെ 11 പ്രതികൾ വീണ്ടും ജയിലിലേക്ക് പോകും.

ഗുജറാത്ത് സർക്കാറിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാറിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ പ്രതികൾ സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷ തീരുംമുമ്പ് വിട്ടയച്ച ബി.ജെ.പി സർക്കാർ നടപടിക്കെതിരെ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബർ 12നാണ് കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചത്. ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കീസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും പ്രത്യേകം സമർപ്പിച്ച ഹർജികളിലാണ് കോടതി വാദം കേട്ടത്.

നേരത്തെ കേസിലെ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാർ വിശദീകരണം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മറ്റ് കേസുകളുമായി ബിൽക്കീസ് ബാനു കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബിൽക്കീസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമാണെന്നും വാദത്തിനിടെ ജസ്റ്റിസുമാരായ കെ.എം ജോസഫ് , ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണം എന്താണെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കിയിരുന്നു.

കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചു.15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 11 പ്രതികളെയും വെറുതെവിട്ട് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

Tags:    
News Summary - Bilkis Bano case: Verdict on pleas challenging convicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.