ഡൽഹി ഒറ്റ കോർപറേഷൻ: വിവാദ നിയമ ഭേദഗതി പാർലമെന്റിൽ

ഡൽഹി: ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിക്കാനുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷൻ (ഭേദഗതി) ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. ആം ആദ്മി പാർട്ടിയും കോൺഗ്രസ് അടക്കം പ്രതിപക്ഷവും കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് വിവാദ ബിൽ സഭയിൽ വെച്ചത്. ഇതിന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു.

സൗത്ത്, നോർത്ത്, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനുകളെ ഒറ്റ കോർപറേഷനാക്കുന്നതാണ് ബിൽ. ഭരണ-ധനകാര്യ വിനിയോഗങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ സാധിക്കുമെന്നാണ് കേന്ദ്രം കാരണം പറയുന്നത്. പുതിയ ഭേദഗതി പ്രകാരം മുനിസിപ്പൽ കോർപറേഷൻ എന്നത് കോർപറേഷൻ എന്നായി മാറും. ആകെ 272 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത് 250ൽ കൂടാൻ പാടില്ലെന്നും ബില്ലിൽ പറയുന്നു. ബിൽ അവതരിപ്പിക്കുന്നതിനെ എൻ.കെ. പ്രേമചന്ദ്രൻ, കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, ബി.എസ്.പിയുടെ റിതേഷ് പാണ്ഡെ എന്നിവർ എതിർത്തു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണീ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ വാർത്തസമ്മേളനം വരെ വിളിച്ചു ചേർത്തിരുന്നു. വാർഡുകളിൽ മാറ്റം വരുന്നതോടെ തെരഞ്ഞെടുപ്പ് മാസങ്ങൾ നീളും.

Tags:    
News Summary - Bill to merge municipal corporations of Delhi introduced in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.