‘2020 മുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നു, മൂന്നു വർഷമായി എന്ത് ചെയ്യുകയായിരുന്നു’; തമിഴ്നാട് ഗവർണറോട് സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾക്ക് തമിഴ്നാട് ഗവർണർ ആർ.എൻ. രവി അനുമതി നൽകാൻ വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 2020 മുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്നും മൂന്നു വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജി ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

ഒരു കാരണവും പറയാതെയാണ് ഗവർണർ ബില്ലുകൾ മടക്കി അയച്ചതെന്നും ഭരണഘടന മൂല്യങ്ങൾ ലംഘിക്കുകയാണെന്നും തമിഴ്നാട് സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഗവർണർ വെറുമൊരു ടെക്നിക്കൽ സൂപ്പർവൈസർ അല്ലെന്ന് സോലിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.

സമർപ്പിക്കപ്പെട്ട 181 ബില്ലുകളിൽ 162 എണ്ണത്തിന് ഗവർണർ അനുമതി നൽകിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്ൾ 200 പ്രകാരം ഏത് സംസ്ഥാനത്തിന്‍റെ ഗവർണർമാർക്ക് ബില്ലുകൾക്ക് അനുമതി നൽകാം, ബില്ലുകൾ തടഞ്ഞുവെക്കാം, രാഷ്ട്രപതിക്ക് കൈമാറാം എന്നീ മൂന്നു നടപടികൾ സ്വീകരിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തമിഴ്നാട്ടിൽ ആർ.എൻ. രവി ഗവർണർ പദവിയിലിരു​ന്ന് സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടുന്നതിനിടെയാണ് പോരാട്ടം സുപ്രീംകോടതിയിലേക്ക് നീണ്ടത്. തമിഴ്നാടി​ന്റെ ഹരജി ഈ മാസം പത്തിന് കോടതി പരിഗണിച്ച ശേഷം ഇന്നേക്ക് മാറ്റിയതായിരുന്നു.

ഗവർണർ ആർ.എൻ. രവി തിരിച്ചയച്ചതിന് പിന്നാലെ തമിഴ്‌നാട് നിയമസഭ പ്ര​​​ത്യേക സമ്മേളനം ശനിയാഴ്ച ചേർന്ന് പത്ത് ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. ബില്ലുകൾ വൈകിപ്പിക്കുന്നതിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹരജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - 'Bills pending from 2020, what was being done for three years'; Supreme Court criticizes Tamil Nadu Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.