കൊൽക്കത്ത: 11 ഗൂർഖ സമുദായങ്ങളെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപെടുത്താമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം) ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടു. മൂന്നു വർഷമായി പൊതുവേദിയിലൊന്നും സാന്നിധ്യമറിയിക്കാതിരുന്ന ജി.ജെ.എം സ്ഥാപക നേതാവ് ബിമൽ ഗുരുങ് ബുധനാഴ്ച വൈകീട്ട് അപ്രതീക്ഷിതമായി കൊൽക്കത്തയിൽ പ്രത്യക്ഷപ്പെട്ടാണ് എൻ.ഡി.എയിൽനിന്ന് പിന്മാറുന്ന വിവരം അറിയിച്ചത്. 2021ൽ നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് ബിമൽ പറഞ്ഞു.
'ബി.ജെ.പിക്ക് ഉചിതമായ മറുപടി ഞങ്ങൾ നൽകും. 2021ൽ മമതാ ബാനർജി മൂന്നാം തവണയും ബംഗാളിെൻറ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു'-ഗുരുങ് വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ ബി.ജെ.പിയുടെ ജയത്തിനായി ജി.ജെ.എം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ വാഗ്ദാനളൊന്നും പാലിക്കാൻ തയാറായില്ല. കഴിഞ്ഞ ആറു വർഷത്തിനിടെ, പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും പലതവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. അതേസമയം, മുഖ്യമന്ത്രി മമത ബാനർജിയാവട്ടെ, ആളുകൾക്കും സംഘടനകൾക്കുമൊക്കെ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുമുണ്ട്' -ഗുരുങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 11 ഗൂർഖ സമുദായങ്ങളെ പട്ടികവർഗ ലിസ്റ്റിൽ ഉൾപെടുത്തുമെന്ന് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം ബി.ജെ.പി പാലിക്കാത്തതാണ് ജി.ജെ.എമ്മിനെ ചൊടിപ്പിച്ചത്.
ഗൂർഖാലൻഡ് എന്ന ആവശ്യം പാർട്ടി ഉപേക്ഷിച്ചിട്ടില്ലെന്നും ഗുരുങ് പറഞ്ഞു. 'ഗൂർഖാലാൻഡ് എന്ന ആവശ്യത്തിൽനിന്ന് ഞങ്ങൾ പിറകോട്ട് പോയിട്ടില്ല. ഞങ്ങളുടെ ആവശ്യത്തെ അംഗീകരിക്കുന്നവർക്ക് പാർട്ടി പിന്തുണ നൽകും' -അദ്ദേഹം പറഞ്ഞു.
ഗുരുങ്ങിെൻറ നിലപാട് ഡാർജിലിങ് ഉൾപെടുന്ന വടക്കൻ ബംഗാളിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്രത്തിൽ അധികാരത്തിലേറി വർഷങ്ങൾ കഴിഞ്ഞിട്ടും ഗൂർഖാലാൻഡ് എന്ന ആവശ്യത്തോട് മുഖംതിരിഞ്ഞുനിൽക്കുന്നത് ഈ മേഖലകളിൽ ബി.ജെ.പിക്കെതിരായ വികാരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഗൂർഖാലാൻഡ് വിഷയത്തിൽ ബി.ജെ.പി കബളിപ്പിക്കുകയാണെന്ന് തങ്ങൾക്ക് നേരത്തേ മനസ്സിലായിട്ടുണ്ടെന്നും ഗുരുങ്ങിന് ഇപ്പോൾ അത് ബോധ്യമായത് നന്നായെന്നും ഗൂർഖ ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷൻ ചെയർമാൻ അനിത് ഥാപ്പ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.