ബംഗളൂരു: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കും ഇതുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷിക്കുന്ന കള്ളപ്പണ ഇടപാട് കേസിൽ അദ്ദേഹത്തിെൻറ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിനും ക്ലീൻ ചിറ്റില്ല.
ഇരുവരെയും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനാണ് ഇരു അന്വേഷണ ഏജൻസികളുടെയും തീരുമാനം. മയക്കുമരുന്ന് കേസിൽ നാലു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി ബിനീഷിനെ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. കസ്റ്റഡി നീട്ടാൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ബിനീഷിന് ക്ലീൻ ചിറ്റ് നൽകാനായിട്ടില്ലെന്നാണ് എൻ.സി.ബി നൽകുന്ന വിവരം.
മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് ബിനീഷിനെതിരെ ഇ.ഡിക്ക് മൊഴി നൽകിയവരിലൊരാളായ കർണാടക സ്വദേശി സുഹാസ് കൃഷ്ണഗൗഡയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ലഭിക്കുന്ന മൊഴി ബിനീഷിനെതിരായ എൻ.സി.ബി അന്വേഷണത്തിൽ നിർണായകമാണ്. ഇരുവരുടെയും മൊഴികൾ അന്വേഷണ സംഘം പരിശോധിക്കും. അതുപോലെ ഗോവൻ സ്വദേശി സോണറ്റ് ലോബോയെയും എൻ.സി.ബി വൈകാതെ ചോദ്യം ചെയ്തേക്കും. ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചതായി ഇയാളും ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.
കള്ളപ്പണ ഇടപാട് കേസിൽ ബിനീഷിെൻറ ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്നയാളാണ് തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫ്.
ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഒാഫിസിൽ വെള്ളിയാഴ്ച 10 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് മൊഴി രേഖപ്പെടുത്തി അദ്ദേഹത്തെ അന്വേഷണ സംഘം വിട്ടയച്ചത്. അന്വേഷണ സംഘത്തിെൻറ പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി അദ്ദേഹം നൽകിയിട്ടില്ലെന്നാണ് വിവരം. ബിനീഷും അബ്ദുൽ ലത്തീഫും തമ്മിലുള്ള ബിസിനസ് പങ്കാളിത്തത്തെകുറിച്ചും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ഇരുവരും നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും അറിയുന്നു.
തിരുവനന്തപുരത്തെ കാർ പാലസ്, ഒാൾഡ് കോഫി ഹൗസ്, കാപിറ്റോൾ ഫർണിച്ചർ തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങൾ ലത്തീഫിെൻറ പേരിലുണ്ട്.
ഇൗ സംരംഭങ്ങൾ ബിനീഷിനുവേണ്ടി നടത്തുന്നതാണെന്നാണ് ഇ.ഡി ആരോപിക്കുന്നത്.ബിനീഷിെൻറ ഡ്രൈവർ അനികുട്ടൻ, ബിനീഷുമായി സാമ്പത്തിക ഇടപാട് നടത്തിയ എസ്. അരുൺ, ബിനീഷിെൻറ
ബിനാമിയെന്ന് ഇ.ഡി കണ്ടെത്തിയ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ് എന്നിവരോട് ഇ.ഡി ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.
ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയ ബിനീഷ് ജുഡീഷ്യൽ കസ്റ്റഡിയിൽ ബംഗളൂരു പരപ്പന അഗ്രഹാര െസൻട്രൽ ജയിലിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.