ന്യൂഡല്‍ഹി: പൗരത്വത്തിന് ജനന സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സാങ്കേതിക വിദ്യ പുരോഗമിച്ചിരിക്കേ, ഓൺലൈൻ സംവിധാനത്തിലൂടെ ഇത് സാധ്യമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. വിവിധ മന്ത്രാലയങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കുകയും, ഇതുമായി ബന്ധപ്പെട്ട രേഖകൾ ക്രോഡീകരിക്കുകയും ചെയ്യും. വികസന പദ്ധതികൾക്ക് 'തടസ്സം തീർക്കുന്ന' പലവിധ വനം, പരിസ്ഥിതി നിയമങ്ങൾക്കു പകരം ഏകീകൃത സമഗ്ര പരിസ്ഥിതി നിയമം കൊണ്ടുവരും. വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾക്ക് അനുസൃതമായി ഇവ അടക്കം 60 ഇന കർമപരിപാടിയുമായി മുന്നോട്ടു പോകാൻ കാബിനറ്റ് സെക്രട്ടറി ബന്ധപ്പെട്ടവരോട് നിർദേശിച്ചു. സാങ്കേതിക സംവിധാനങ്ങളിലൂടെ ജനന സര്‍ട്ടിഫിക്കറ്റിനെ പൗരത്വവുമായി ബന്ധിപ്പിക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
വ്യവസായങ്ങൾ തുടങ്ങാൻ സമയ ബന്ധിതമായി ഭൂമി ഏറ്റെടുക്കുകയും വനം, പരിസ്ഥിതി അനുമതി ലഭ്യമാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക ആനുകൂല്യം നൽകുന്നതും കർമപരിപാടിയിലെ ഒരിനമാണ്. വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാര്‍ അടിസ്ഥാനമാക്കി 10 മേഖലകളില്‍ ചെലവ് കുറഞ്ഞ രീതിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കും. വ്യാപാര കരാറുകളിലൂടെ തൊഴില്‍ അവസരങ്ങള്‍ വർധിപ്പിക്കും.
ഭരണപ്രക്രിയയില്‍ വിവര സാങ്കേതിക വിദ്യാവത്കരണം കൊണ്ടുവരും. സിവില്‍ സര്‍വിസ് പരിഷ്കരണം നടപ്പാക്കും. സർക്കാർ വിവരങ്ങൾ എല്ലാ മന്ത്രാലയങ്ങൾക്കും ലഭ്യമാക്കും. ചെലവ് കുറഞ്ഞ ടാബ്ലറ്റുകളും ലാപ്ടോപ്പുകളും നിര്‍മിക്കുന്നതാണ് കർമപദ്ധതിയിൽ ഉൾപ്പെട്ട മറ്റൊന്ന്. വിദ്യാര്‍ഥികള്‍ക്കു പ്രത്യേക സ്കോളര്‍ഷിപ്പുകൾ വിതരണം ചെയ്യും. കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിനാണ് ഇതിെൻറ ചുമതല. കേന്ദ്ര വിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രാലയങ്ങളും സഹകരിക്കും. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൈപുണ്യ വികസന പദ്ധതികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങൾ നൽകും .
ഭൂമി ഉടമസ്ഥാവകാശ രേഖകളുടെ ഡിജിറ്റല്‍വത്കരണം നടപ്പാക്കും. കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട പരിശീലനം, പ്രവര്‍ത്തന മികവിനനുസരിച്ച ജോലി, മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കൃത്യമായ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്നിവക്കും കർമപദ്ധതിയിൽ ഊന്നല്‍ നല്‍കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി സെപ്റ്റംബര്‍ 18നാണ് കൂടിക്കാഴ്ച നടത്തിയത്. 60 ഇന കർമപരിപാടിയെക്കുറിച്ച് സംസ്ഥാനങ്ങളിൽനിന്ന് നിർദേശം ആരായും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.