കൊൽക്കത്ത: ബി.ജെ.പി എം.എൽ.എ സുവേന്ദു അധികാരിയും കോൺഗ്രസ് നേതാവ് കൗസ്താവ് ബാഗ്ചിയും പശ്ചിമ ബംഗാളിൽ പ്രതിഷേധ റാലിയിൽ ഒന്നിച്ച് അണിനിരന്നു.
മമത സർക്കാരിന്റെ അഴിമതിയിൽ ദുരിതമനുഭവിക്കുന്ന സ്കൂൾ ഉദ്യോഗാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. സൗത്ത് കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിൽ പ്രതിഷേധിച്ച സ്‌കൂൾ ഉദ്യോഗാർത്ഥികൾ പ്രകടനം നടത്തി. റാലിയിൽ പങ്കെടുക്കാൻ തന്നെ ക്ഷണിച്ചതുകൊണ്ടാണ് പങ്കെടുത്തതെന്നും അതിൽ കോൺഗ്രസ് നേതാവ് വന്നതിൽ എന്താണ് കുഴപ്പമെന്നും സുവേന്ദു അധികാരി ചോദിച്ചു.
അഴിമതിക്കാരായ തൃണമൂലിനെതിരായ ഏതെങ്കിലും റാലിയിലോ പരിപാടിയിലോ പങ്കെടുക്കുന്നതിൽ പ്രശ്‌നമില്ലെന്നും സുവേന്ദു അധികാരിക്കൊപ്പം നടക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നും കോൺഗ്രസ് നേതാവ് കൗസ്താവ് ബാഗ്ചി പറഞ്ഞു. ബിജെപി, കോൺഗ്രസ് നേതാക്കൾ സംയുക്തമായി റാലിയിൽ പങ്കെടുക്കുന്നത് അവർക്കിടയിലുള്ള നിശ്ശബ്ദ ധാരണയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംഭവവികാസത്തോട് പ്രതികരിച്ച് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
സ്‌കൂൾ ജോലി അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് തൃണമൂൽ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ കഴിഞ്ഞ വർഷം ജൂലൈയിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.