ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാർക്കു നേരെ ബി.ജെ.പി ആക്രമണം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബി.ജെ.പി ആക്രമണം. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിൽ സംഘടിച്ചെത്തിയ ബി.ജെ.പി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, പാർട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാർ, കോൺഗ്രസ് എംപി അബ്ദുൾ ഖാലിക് എന്നിവർ ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അക്രമികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നേതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. പൊലീസ് ഇടപെടൽ കാര്യക്ഷമമായി ഉണ്ടായില്ല.


ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ് ത്രിപുരയിൽ എന്നും ബി.ജെ.പി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നതെന്നും എളമരം കരീം എം.പി പറഞ്ഞു. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എം.പിമാരുടെ സന്ദർശനം തടയാനാകില്ല എന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു.


മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധിച്ചു

തിരുവനന്തപുരം: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്.

പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - BJP attack on group of MPs visiting Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.