ന്യൂഡൽഹി: പ്രതിച്ഛായ തകർന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്നിൽനിർത്തി യു.പി നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ടാൽ തിരിച്ചടിയാവുമെന്ന കടുത്ത ഉൾഭയത്തോടെ ബി.ജെ.പിയിൽ ആശങ്ക നിറഞ്ഞ മാരത്തൺ ചർച്ചകൾ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തിനു പിന്നാലെ, സർക്കാർ അനാസ്ഥ മൂലം കോവിഡ് സംസ്ഥാനത്തെ നരകമാക്കിയെന്ന വിമർശനത്തിന് നടുവിലാണ് യോഗി. ബി.ജെ.പിയിൽ നിന്നുതന്നെയാണ് പരാതി പ്രവാഹം. സാഹചര്യങ്ങൾ നേരിട്ടു വിലയിരുത്താൻ കേന്ദ്രനേതൃത്വം നിയോഗിച്ച സംഘം സംസ്ഥാനത്തെത്തി മുതിർന്ന നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തിവരുകയാണ്.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, മുൻമന്ത്രി രാധാമോഹൻ സിങ് എന്നിവരാണ് സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത എം.പിമാരെയും എം.എൽ.എമാരെയും മന്ത്രിമാരെയും ഇവർ കാണുന്നുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവരെയും കണ്ടു. യു.പിയിൽ പാർട്ടിയുടെ കാൽച്ചുവട്ടിൽനിന്ന് മണ്ണിളകുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ, സംഘ്പരിവാർ നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ തുടർ ചർച്ചകൾ. തെരഞ്ഞെടുപ്പിനുമുമ്പ് യോഗിയെയും രണ്ട് ഉപമുഖ്യമന്ത്രിമാരെയും മാറ്റി മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതായി ഇതിനിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അടുത്ത വർഷമാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ്. ഭരണം നിലനിർത്തേണ്ടത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ കാര്യത്തിലും ബി.ജെ.പിക്ക് അങ്ങേയറ്റം പ്രധാനമാണ്. ബി.ജെ.പി അജണ്ടകളുടെ പ്രധാന കേന്ദ്രമായ അയോധ്യയിലും മഥുരയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. മുഖ്യമന്ത്രിയുടെ തട്ടകമായ ഗൊരഖ്പുരിലും വെള്ളം കുടിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിലൂടെ ഒഴുകിയത് ഒട്ടേറെ മൃതദേഹങ്ങളാണ്. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാറിെൻറ അലംഭാവം വലിയ ജനരോഷം ഉയർത്തിയിട്ടുണ്ട്. ഉടൻ രംഗത്തിറങ്ങാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും, ജനരോഷം നേരിടാൻ കഴിയുന്നില്ലെന്ന് നിരവധി എം.പിമാരും എം.എൽ.എമാരും നേതൃത്വത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.